വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര ഇടപെടൽ വേണം : വി. മുരളീധരൻ1 min read

 

തിരുവനന്തപുരം :ശക്തമായ മഴയില്‍ കുന്നിടിച്ചില്‍ ഉണ്ടായ വര്‍ക്കല ക്ലിഫിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ സന്ദർശനം നടത്തി.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രകൃതിയുടെ അൽഭുതമായി രേഖപ്പെടുത്തിയ ക്ലിഫ് സംരക്ഷിക്കാൻ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകൾ വേണമെന്ന് വി.മുരളീധരൻ പറഞ്ഞു. ഏഷ്യയിലെ തന്നെ അപൂർവമായിട്ടുള്ള ചെങ്കൽ ക്ലിഫിൻ്റെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാൻ സ്വയം ലോകം മുഴുവൻ സഞ്ചരിക്കുന്ന ആളാണ് സംസ്ഥാനത്തിൻ്റെ ടൂറിസം മന്ത്രിയെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി . ഇന്തോനേഷ്യയിലും സിംഗപ്പൂരിലും എങ്ങനെയാണ് ഇത്തരം കേന്ദ്രങ്ങൾ സംരക്ഷിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായിക്കാണുമെന്ന് കേന്ദ്രമന്ത്രി പരിഹസിച്ചു.

കേരളം ദൈവത്തിൻ്റെ നാട് എന്ന് പരസ്യം നൽകിയതുകൊണ്ടായില്ല. വിനോദ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കാനും വിനോദ കേന്ദ്രങ്ങൾ സംരക്ഷിക്കാനും കഴിയണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കേന്ദ്ര ടൂറിസം പദ്ധതിയിലും വർക്കലയെ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സർക്കാർ തയാറാവുന്നില്ല. ഈ അവഗണന ഒഴിവാക്കി ഭരണകൂടം അടിയന്തരമായി ഇടപെടണമെന്ന് വി. മുരളീധരൻ കൂട്ടിച്ചേർത്തു.

 

Leave a Reply

Your email address will not be published. Required fields are marked *