വയനാട് ദുരന്തം :സര്‍ക്കാരിന്‍റേത് കള്ളക്കണക്ക് : വി.മുരളീധരൻ1 min read

 

തിരുവനന്തപുരം:വയനാട്ദുരന്തനിവാരണത്തില്‍ പിണറായി സര്‍ക്കാര്‍ കള്ളക്കണക്ക് എഴുതുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വന്തം പ്രചാരവേലയ്ക്കും ഫണ്ട് തട്ടിപ്പിനും ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന മറ്റൊരു സര്‍ക്കാരും രാജ്യത്തില്ലെന്ന് വി. മുരളീധരൻ പ്രതികരിച്ചു. മഴയെത്താന്‍ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ദുരന്തമെത്താന്‍ കാത്തിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മഹാപ്രളയം മുതല്‍ കോവിഡ് മഹാമാരി വരെ അഴിമതിക്ക് ഉപയോഗിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തബാധിതര്‍ക്ക് സുമനസുകള്‍ അയച്ച വസ്ത്രങ്ങള്‍ ആവശ്യത്തിലധികമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതാണ്. പിന്നെ എങ്ങനെയാണ് ദുരന്തബാധിതര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചിലവാകുക എന്നും അദ്ദേഹം ചോദിച്ചു. ജൂലൈ 30ന് നടന്ന ദുരന്തത്തെക്കുറിച്ച് ഓഗസ്റ്റ് 17ന് ഇത്തരമൊരു കള്ളക്കണക്ക് തയ്യാറാക്കിയവരെ എന്തു ചെയ്യണമെന്ന് പൊതുജനം പറയും. ശവസംസ്ക്കാരം, ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കിയ സന്നദ്ധസംഘടനകളെക്കൂടിയാണ് സര്‍ക്കാര്‍ അപമാനിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

ദുരന്തഭൂമിയില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി, കൃത്യമായ കണക്കുകള്‍ നല്‍കണമെന്ന് പറഞ്ഞത് കേരളം മറന്നിട്ടില്ല. ദുരന്തം നടന്ന് ഒന്നര മാസം പിന്നിടുമ്പോള്‍ കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം.
എന്തിനും ഏതിനും കേന്ദ്രത്തെ പഴിക്കും മുമ്പ് ഈ കള്ളക്കണക്കിന് അംഗീകാരം നല്‍കണോയെന്നത് പ്രതിപക്ഷം പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *