തിരുവനന്തപുരം :വിവര സാങ്കേതിവിദ്യ പ്രയോജനപ്പെടുത്തി സഹകരണ ഉത്പന്നങ്ങൾക്ക് വിദേശ-ആഭ്യന്തര വിപണി കണ്ടെത്തും: മന്ത്രി വി.എൻ.വാസവൻ
സഹകരണ മേഖലയിൽ നിന്നുള്ള കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ വിപണി കണ്ടെത്താനുള്ള ശ്രമങ്ങളുമായി സഹകരണ വകുപ്പു മുന്നോട്ടുപോവുകയാണെന്ന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ. സഹകരണ മേഖലയിൽ ഉത്പാദിപ്പിക്കുന്ന കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിൽ നിന്നുള്ള കാർഷിക മുല്യവർദ്ധിത ഉത്പന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതി ഇതിനകം ആരംഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ സഹകരണ ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അമേരിക്ക, നെതർലാൻഡ്, യുഎഇ, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് സഹകരണ മേഖലയിലെ മുല്യവർദ്ധിത ഉത്പന്നങ്ങൾക്കു കൂടുതൽ ഓർഡർ വന്നിട്ടുണ്ട്. ഓൺലൈൻ വിപണനത്തിലേക്കു കടക്കുന്നതിലൂടെ ആഭ്യന്തര വിപണിയിലും കൂടുതൽ സാധ്യതകൾ കണ്ടെത്താനാകും. ജൈവ വൈവിധ്യങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഉത്പന്നങ്ങൾ, ഗുണമേന്മ ഉറപ്പാക്കി, കുറഞ്ഞ വിലയിൽ ലഭിക്കുന്നു എന്നതാണ് സഹകരണ മേഖലയിൽ നിന്നുള്ള ഉത്പന്നങ്ങൾ വാങ്ങുന്നതുകൊണ്ടുള്ള ഗുണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ നേട്ടം. കാർഷിക മേഖലയെ ലക്ഷ്യമിട്ടാണ് കേരളത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ ആരംഭിച്ചത്. സഹകരണ മേഖലയിലൂടെ കാർഷിക മേഖലയും, കാർഷിക മേഖലയിലൂടെ സഹകരണ മേഖലയും വികസിക്കുന്നു എന്നത് അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.
സഹകരണ മേഖലയിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ‘സഹകരണം സുതാര്യം’ ടെലിവിഷൻ പരിപാടിയുടെ പ്രകാശനവും, സഹകരണ എക്സ്പോ-2025ന്റെ ലോഗോ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു. സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയുടെ നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച പദ്ധതികളാണിതെല്ലാം. നാലാംഘട്ട നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിനു കീഴിൽ പ്രഖ്യാപിച്ച എല്ലാ പരിപാടികളും സമയബന്ധിതമായി നടപ്പാക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. വയനാട് ദുരന്തത്തെത്തുടർന്നു മാറ്റിവച്ച സഹകരണ എക്സ്പോ 2025, തിരുവനന്തപുരത്തു സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പ് സെക്രട്ടറി ഡോ. വീണ. എൻ. മാധവൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു, സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ.എം.എസ്, അഡീഷണൽ രജിസ്ട്രാർ (ജനറൽ) കെ.സജീവ് കർത്താ തുടങ്ങിയവർ പങ്കെടുത്തു.
2024-10-23