24/6/22
കൊച്ചി :മലയാളി കളുടെ “സുമേഷേട്ടൻ “വി പി ഖാലിദ് അന്തരിച്ചു. ഷൂട്ടിംഗിനിടെയായിരുന്നു മരണം. ഫോർട്ടു കൊച്ചി ചുള്ളിക്കൽ സ്വദേശിയാണ്. ക്യാമറാമെൻ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവർ മക്കളാണ്. ആലപ്പി തീയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു.
എട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് വി.പി ഖാലിദ്. താപ്പാന, കുട്ടികളുണ്ട് സൂക്ഷിക്കുക, അനുരാഗ കരിക്കിൻ വെളളം, സൺഡേ ഹോളിഡേ, മട്ടാഞ്ചേരി, കക്ഷി അമ്മിണിപ്പിള്ള, വികൃതി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിലൂടെ ജന ശ്രദ്ധ നേടി. മമ്മൂട്ടി ചിത്രം പുഴുവാണ് അവസാനമായി പുറത്തിറങ്ങിയ സിനിമ.
പുതുതലമുറ ആസ്വാദകരെ സംബന്ധിച്ച് വി പി ഖാലിദ് എന്നാല്‍ മറിമായം പരമ്പരയിലെ സുമേഷേട്ടനാണ്. ഖാലിദ് എന്ന യഥാര്‍ഥ പേര് അറിയാത്തവര്‍ പോലും ആ കഥാപാത്രത്തിന്‍റെ ആരാധകരുമാണ്. എന്നാല്‍ വി പി ഖാലിദ് എന്ന, അടിമുടി കലാകാരനായ മനുഷ്യന്‍റെ ജീവിതം ഒരു പരമ്പരയിലോ ചില കഥാപാത്രങ്ങളിലോ ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല. സൈക്കിള്‍ യജ്ഞവും റെക്കോര്‍ഡ് ഡാന്‍സും മുതല്‍ നാടകത്തിലും സിനിമയിലും വരെ തന്‍റെ പ്രതിഭയെ അടയാളപ്പെടുത്തിയ അദ്ദേഹം ബാക്കിവച്ചു പോകുന്ന നിരവധി ഓര്‍മ്മകളുണ്ട്.
നാടകത്തിന്‍റെയും സൈക്കിള്‍ യജ്ഞത്തിന്‍റെയുമൊക്കെ ത്രസിപ്പിക്കുന്ന വേദികളില്‍ നിന്നാണ് വി പി ഖാലിദ് എന്ന കലാകാരന്‍റെ ഉദയം. പ്രൊഫഷണല്‍ നാടക സമിതികള്‍ക്ക് നിന്നുതിരിയാന്‍ സമയമില്ലാതിരുന്ന ഒരു കാലം. പതിനാറാം വയസ്സില്‍ ഒരു പകരക്കാരനായാണ് ഖാലിദ് ആദ്യം തട്ടില്‍ കയറിയത്. ആ വേഷം കൈയടികള്‍ നേടിയതോടെ സ്റ്റേജില്‍ കയറാന്‍ ആത്മവിശ്വാസമായി. പ്രമുഖ സമിതിയായ കെപിഎസി കൊച്ചിയില്‍ നാടകാവതരണത്തിന് എത്തുമ്പോള്‍ അവരുടെ സഹായിയായി കൂടിയ ഖാലിദ് മേക്കപ്പ് ചെയ്യാന്‍ പഠിച്ചു. ഒപ്പം ചില വലിയ സൌഹൃദങ്ങളും ആ പരിചയത്തിലൂടെ ലഭിച്ചു. തോപ്പില്‍ ഭാസിയും കെ പി ഉമ്മറുമൊക്കെ അക്കൂട്ടത്തില്‍ പെടും.
തോപ്പില്‍ ഭാസിയാണ് ആദ്യമായി സിനിമയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ അമ്മയ്ക്ക് എതിര്‍പ്പുണ്ടായിരുന്നതിനാല്‍ കുറച്ചുകാലം ആ മോഹം മാറ്റിവച്ചു. പിന്നീട് സൈക്കിള്‍യജ്ഞ പരിപാടിയുമായി ആലപ്പുഴയില്‍ കഴിയുന്ന കാലത്ത് ഉദയ സ്റ്റുഡിയോയുടെ മുന്നില്‍ വച്ച് തോപ്പില്‍ ഭാസിയെ കാണുകയായിരുന്നു. കെപിഎസിയുടെ നാടകം ഏണിപ്പടികള്‍ സിനിമയാക്കാനുള്ള ആലോചനകളിലായിരുന്ന അദ്ദേഹം അതിലേക്ക് ക്ഷണിച്ചു. പിന്നീടിങ്ങോട്ട് പല കാലങ്ങളിലായിലായി അന്‍പതോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു.
ഇത്ര വലിയ ഒരു കലാപാരമ്പര്യം ഉണ്ടെങ്കിലും ഖാലിദിനെ പുതുതലമുറ പ്രേക്ഷകര്‍ അറിയുന്നത് മറിമായം പരമ്പരയിലെ സുമേഷ് എന്ന കഥാപാത്രമായാണ്. മലയാള സിനിമയില്‍ പുതുതലമുറയില്‍ ഇതിനകം സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്തിയ മൂന്ന് യുവാക്കള്‍ വി പി ഖാലിദിന്‍റെ മക്കളാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്‍മാന്‍ എന്നിവര്‍. മരണം വരെ കലാരംഗത്ത് തുടരണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് ഈ കലാകാരന്‍ വിട പറയുന്നത്. ടൊവിനോയെ നായകനാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയാണ് അദ്ദേഹത്തിന്‍റെ മരണം. ലൊക്കേഷനിലെ ശുചിമുറിയില്‍ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
നിറഞ്ഞ ചിരിയും, ദീന ഭാവവും മലയാളികളുടെ മനസ്സിൽ ബാക്കിയാക്കി കലയുടെ ലോകത്ത് നിന്നും, കാണാ ലോകത്തിലേക്ക് സുമേഷേട്ടൻ യാത്രയായി.