തിരുവനന്തപുരം :ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഇന്ന് വൈകീട്ട് ജോയിയുടെ വീട്ടിലെത്തി കൈമാറി. തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജോയിയുടെ വൃദ്ധയായ മാതാവിന് സർക്കാരിനു സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം എൽ എ മാരായ വി ജോയി, സി കെ ഹരീന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.