തിരുവനന്തപുരം :പോലീസും മറ്റ് നിയമസംവിധാനങ്ങളും മാത്രം ശ്രമിച്ചാൽ സമ്പൂര്‍ണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാന്‍ കഴിയില്ലെന്നും അതിന് മനസ്സുള്ള, ജാഗ്രതയുള്ള, ഉത്സാഹമുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. എസ്.പി.സി കേഡറ്റുകൾ പങ്കെടുക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായ ലീഡർഷിപ്പ് ഡെവലപ്പ്മെൻറ് സമിറ്റ് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരള പോലീസ് ആരംഭിച്ച സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി ഇന്ന് ലോകം തന്നെ അഭിമാനത്തോടെ നോക്കുന്ന ഒരു മാതൃകാപദ്ധതിയായി മാറിയിരിക്കുന്നു. പഠനത്തോടൊപ്പം സാമൂഹികബോധവും നിയമാനുസൃതമായ ജീവിതശൈലിയും പിൻതുടരുന്ന കുട്ടികളെ പാകപ്പെടുത്തുന്നതിനായുള്ള ഈ പദ്ധതി നമ്മുടെ വിദ്യാലയങ്ങളിലേക്കെത്തിയത് അഭിമാനകാര്യമാണെന്നും മന്ത്രി പറഞ്ഞു.
ഇപ്പോള്‍ കേരളമാകെ ഒരു വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത് ലഹരിമരുന്നുകളുടെ ഉപയോഗവും അതിന്റെ ദാരുണമായ ഫലങ്ങളുമാണ്. ഇത്തരത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള വലിയ ഉത്തരവാദിത്വം സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകള്‍ക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ സാമൂഹിക ഉത്തരവാദിത്തത്തെ അംഗീകരിച്ചാണ് സര്‍ക്കാര്‍ എസ്.പി.സി കേഡറ്റുകളെ ആന്‍റി-ഡ്രഗ് അംബാസിഡര്‍മാരായി പ്രഖ്യാപിച്ചത്.
ലഹരിക്കെതിരെ എല്ലാ തലങ്ങളിലും ജാഗ്രത പുലര്‍ത്തേണ്ടത് ഒരു കടമയായി മാറുന്നു. എസ്.പി.സി കേഡറ്റുകള്‍ ഈ കൃത്യത്തില്‍ മുന്‍പന്തിയിലായിരിക്കുകയാണ്. സര്‍ക്കാര്‍ ഈ പദ്ധതിയെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കാന്‍ മുന്‍കൈയെടുക്കും. ഓരോ എസ്.പി.സി കേഡറ്റും അവരുടെ വിദ്യാഭ്യാസജീവിതത്തിലും ഭാവിയിലും ആത്മവിശ്വാസവും സമര്‍പ്പണബോധവും വളർത്തി നാടിന്‍റെ അഭിമാനമായി മാറുമെന്ന് വിശ്വസിക്കുന്നുവെന്നും കേഡറ്റുകളായി ഓരോരുത്തരും എടുത്തിരിക്കുന്ന പ്രതിജ്ഞ ജീവിതത്തിലും സമൂഹത്തിനും നേട്ടം നല്‍കുന്ന തരത്തില്‍ നിറവേറ്റുവാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.