തിരുവനന്തപുരം :മാലിന്യസംസ്കരണത്തെ കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്ന അഭ്യർത്ഥന മാനിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളാണ് മന്ത്രിയെ കാണാൻ എത്തിയത്.
സോഷ്യൽക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മനസ്സിൽ ഉരുത്തിരിഞ്ഞ നൂതന ആശയങ്ങൾ അവതരിപ്പിക്കാനാണ് വിദ്യാർത്ഥികൾ മന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ എത്തിയത്. വിദ്യാർത്ഥികളെ സശ്രദ്ധം കേട്ട മന്ത്രി എല്ലാ നിർദ്ദേശങ്ങളും മികച്ചതാണെന്നും ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കാര്യങ്ങൾ പരിഗണിക്കാമെന്നും കുട്ടികളെ അറിയിച്ചു.