തിരുവനന്തപുരം :നാഷണൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ വികസനാത്മകമെന്ന്മന്ത്രി വി.ശിവൻകുട്ടി
വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മിച്ചുനൽകുന്നതിന് എൻ.എസ്.എസ് സമാഹരിച്ച തുക മന്ത്രി വി.ശിവൻകുട്ടിക്ക് കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണൽ സർവീസ് സ്കീം ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങൾ നിർമ്മാണപരവും വികസനാത്മകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വ്യാവസായിക പരിശീലന വകുപ്പ് നാഷണല്‍ സര്‍വ്വീസ് സ്‌കീം നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹഭവനങ്ങള്‍ക്കായി സമാഹരിച്ച തുക ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്ര പുനർനിർമ്മാണ പ്രക്രിയയിൽ ഭാഗമാക്കുക വഴി വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് എൻ.എസ്.എസിൻ്റെ മഹത്തായ ലക്ഷ്യം. അറിവും അനുഭവജ്ഞാനവും ആർജ്ജിക്കുവാനും പൊതുസമൂഹത്തിന് അവ പകർന്നു നൽകുവാനും നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികളെ സജ്ജമാക്കുന്നുണ്ട്. വ്യവസായ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ട്രെയിനികളുടെ പരിശീലനം ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളേക്കാൾ കാര്യക്ഷമമായി എൻഎസ്എസ് യൂണിറ്റുകൾ മുഖേന നടത്തുവാൻ കഴിയുന്നു.
വ്യാവസായിക പരിശീലന വകുപ്പിൽ എൻഎസ്എസ് പ്രവർത്തനങ്ങൾ ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾ 2004 ആരംഭിച്ചു. ഇന്ന് കേരളത്തിലെ 45 ഫണ്ടഡ് യൂണിറ്റുകളിലായി 4500 വോള
ന്റിയർമാർ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ റീബിൽഡ് വയനാടിൻ്റെ ഭാഗമായി മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ കുടുംബങ്ങളുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി നാഷണൽ സർവ്വീസ് സ്കീം150 സ്നേഹ ഭവനങ്ങളാണ് നിർമ്മിച്ചു നൽകുന്നത്. ഇതിൽ 2 വീടുകളുടെ നിർമ്മാണം വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന എൻ.എസ്.എസ് യൂണിറ്റുകളുടെ സഹായത്തോടെ എൻ.എസ്.എസ് ഐ.ടി.ഡി സെൽ ഏറ്റെടുത്തു. ഇത് പ്രകാരം 25 ലക്ഷം രൂപയാണ് ശേഖരിച്ചത്. ഈ തുകയാണ് പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൈമാറിയത്.
നന്ദാവനത്തുള്ള പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ആർ.എൻ അൻസർ പങ്കെടുത്തു.