2/5/23
തിരുവനന്തപുരം :വന്ദേ ഭാരത് തീവണ്ടിയെ കല്ലെറിഞ്ഞത് തിരൂരിനും പരപ്പനങ്ങാടിക്കും ഇടയിലുള്ള കമ്പനി പടിയിൽ വെച്ചാണ് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
ട്രെയിനിലെ യാത്രക്കാരനില്‍ നിന്ന് ലഭിച്ച വിഡിയോയില്‍ നിന്നാണ് ആക്രമണം നടന്ന സ്ഥലത്തെ കുറിച്ചുള്ള പ്രാഥമിക നിഗമനത്തില്‍ പൊലീസ് എത്തിയത്. ഒഴിഞ്ഞു കിടക്കുന്ന സ്ഥലമായതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകവെ തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ട ശേഷമാണ് സി4 കോച്ചിലെ 62, 63 സീറ്റുകളുടെ ഭാഗത്ത് ആക്രമണം നടന്നത്. കല്ലേറില്‍ പുറംഭാഗത്തെ ചില്ലിന് പൊട്ടല്‍ വീണു.
ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ അധികൃതര്‍ ട്രെയിന്‍ പരിശോധിക്കുകയും പൊട്ടലുണ്ടായ ഭാഗത്ത് ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ച ശേഷം യാത്ര തുടരുകയും ചെയ്തു. സംഭവത്തില്‍ റെയില്‍വേ സുരക്ഷാസേനയും തിരൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏപ്രില്‍ 25നാണ് കേരളത്തിലേക്ക് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്‍റെ സര്‍വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 26 മുതലാണ് കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും ട്രെയിനിന്‍റെ സര്‍വീസ് ആരംഭിച്ചത്.
വന്ദേഭാരത് ട്രെയിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ട്രെയിനിന് ജില്ലയില്‍ സ്റ്റോപ്പ് നിഷേധിച്ച കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വേ അധികൃതരുടെയും നിലപാടില്‍ ജില്ല പഞ്ചായത്ത് ഭരണസമിതിയും താനൂര്‍ നഗരസഭയും പ്രമേയത്തിലൂടെ പ്രതിഷേധിച്ചിരുന്നു.