14/4/23
തിരുവനന്തപുരം :പിന്നിട്ട വഴികളിൽ ആവേശ്വജ്വല സ്വീകരണമേറ്റുവാങ്ങി വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലാണ് കേരളത്തിന് ലഭിച്ച ആദ്യ വന്ദേ ഭാരത് ട്രെയിൻ എത്തിയത് .
കൊച്ചുവേളിയിൽ തീവണ്ടിയെ കാത്ത് ബിജെപി നേതാക്കളുടെയും, പ്രവർത്തകരുടെയും നീണ്ട നിര ഉണ്ടായിരുന്നു. ട്രെയിൻ എത്തിയ ഉടനെ കണിക്കൊന്ന പൂക്കൾ വിതറി, മോഡിക്ക് ആർപ്പുവിളികളുമായി പ്രവർത്തകർ തടിച്ചു കൂടി.
കേന്ദ്രമന്ത്രി വി.മുരളീധരന്‍, ബി ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിനിനെ വരവേറ്റു. മധുരം നല്‍കിയും മാലയിട്ടും ജീവനക്കാരെ സ്വീകരിച്ചു.
വന്ദേ ഭാരത് എക്സ്പ്രസിന്റെ റേക്കുകള്‍ പാലക്കാട്ടെത്തിയപ്പോഴും വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്. ബിജെപി നേതാവും ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനുമായ പി കെ കൃഷ്ണദാസ് ലോക്കോ പൈലറ്റിനെ പൂമാലയിട്ട് സ്വീകരിച്ചു. ഉദ്ഘാടന സര്‍വീസിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും എത്തി ക്രമീകരണങ്ങള്‍ വിലയിരുത്തും. വന്ദേഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്ലാഗ് ഒഫ് ചെയ്യും. മലയാളികള്‍ക്കുള്ള പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം ആണ് വന്ദേഭാരതെന്ന് പി കെ കൃഷ്ണദാസ് പ്രതികരിച്ചു. 16 കോച്ചുള്ള ട്രെയിന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു
.വന്ദേഭാരത് ദിവസം ഒരു സര്‍വ്വീസാണ് നടത്തുക. രാവിലെ ജനശതാബ്ദിയുടെ സമയമാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് അറിയുന്നത്. കണ്ണൂര്‍ വരെ അഞ്ചോ, ആറോ സ്റ്റോപ്പുകളാണ് ഉണ്ടാകുക. ഇരട്ടപ്പാതയുള്ളതിനാല്‍ കോട്ടയം വഴിയാകും സര്‍വീസ്. കൊച്ചുവേളിയില്‍ ഇതിനായി രണ്ട് പിറ്റ് ലൈനുകളുടെ വൈദ്യുതീകരണം പൂര്‍ത്തിയായി.ഉയര്‍ന്ന വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറില്‍ 110 കിലോമീറ്ററില്‍ സര്‍വീസ് നടത്താന്‍ ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ നടക്കുകയാണ്. വന്ദേ ഭാരതിന് വഴിയൊരുക്കാന്‍ തിരുവനന്തപുരം ഭാഗത്തേക്കുള്ള മാവേലി എക്സ്പ്രസ്, കണ്ണൂര്‍ ഭാഗത്തേക്കുള്ള ജനശതാബ്ദി എന്നിവയുടെ റൂട്ട് പരിമിതപ്പെടുത്തി. മാവേലി കൊച്ചുവേളി വരെയും ജനശതാബ്ദി ഷൊര്‍ണ്ണൂര്‍ വരെയും സര്‍വീസ് നടത്തും.