മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളം ,എക്സാലോജികിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണം : വി ഡി സതീശൻ.1 min read

തിരുവനന്തപുരം :മുഖ്യമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന്നും,എക്സാലോജികിനെതിരായ ആര്‍ഒസി റിപ്പോര്‍ട്ട് കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കണമെന്നുംപ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സിബിഐയോ ഇഡിയോ കേസ് അന്വേഷിക്കണമെന്നും കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും വി ഡി സതീശൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിയുടെ നേതൃത്വത്തില്‍ വേണം അന്വേഷണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ രേഖകളില്‍ കൃത്രിമം കാണിച്ചതായി രജിസ്ട്രാര്‍ ഓഫ് കമ്ബനീസിന്റെ കണ്ടെത്തല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എക്സാലോജിക് കമ്ബനി മരവിപ്പിക്കാനായി നല്‍കിയ സത്യാവാങ്‌മൂലത്തിലും അപേക്ഷയിലും തെറ്റായ വിവരങ്ങളാണ് ഉള്ളതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് സതീശന്റെ പ്രതികരണം.

എക്‌സാലോജികിന്റെ വാദം ശരിവയ്ക്കുന്ന ഒരു രേഖയും നല്‍കിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ കോര്‍പ്പറേറ്റ് മന്ത്രാലയം അന്വേഷിച്ചിട്ട് കാര്യമില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മില്‍ അവിഹിതബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, എക്സാലോജിക് അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് പിന്തുണയുമായി സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ രംഗത്തെത്തി. കൊടുക്കേണ്ട രേഖകളെല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരു അഴിമതിയും നടന്നിട്ടില്ല. മുഖ്യമന്ത്രിക്കോ വീണക്കോ ഹൈക്കോടതി നോട്ടീസയച്ചിട്ടില്ലെന്നും ബാലൻ വ്യക്തമാക്കി. വിഷയം ഹൈക്കോടതി പരിശോധിക്കട്ടെ. ആവശ്യമെങ്കില്‍ കൂടുതല്‍ രേഖകള്‍ നല്‍കും. എക്സാലോജിക് സേവനം നല്‍കിയോ എന്ന് അന്വേഷിക്കാൻ ആര്‍ ഒ സിക്ക് അധികാരമില്ലെന്നും ബാലൻ പറഞ്ഞു. മാസപ്പടി കേസ് വിജിലൻസ് കോടതി തള്ളിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *