4/3/23
കോഴിക്കോട് :ഹർഷിന സമരം അവസാനിപ്പിച്ചു.ആരോഗ്യമന്ത്രി വീണ ജോര്‍ജ് നേരിട്ടെത്തി നല്‍കിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഹര്‍ഷിന സമരം അവസാനിപ്പിച്ചത്. അതേസമയം, ഇതു സംബന്ധമായി നല്‍കിയ കേസുകള്‍ പിന്‍വലിക്കില്ലെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റക്കാരെ കണ്ടുപിടിക്കണമെന്നും തനിക്കുണ്ടായ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും ഹര്‍ഷിന പറഞ്ഞു.
ഹര്‍ഷിനക്കൊപ്പമാണ് ഞങ്ങളുള്ളതെന്നും നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുമെന്നും ഹര്‍ഷിനയെ സന്ദര്‍ശിച്ച ശേഷം ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ രണ്ടാഴ്ചക്കകം നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും കൃത്യമായ വിവരത്തിനായി പുതിയ അന്വേഷണ സംഘത്തെ നിയമിച്ചതായും മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും അതിന് മുൻപ് രണ്ട്തവണ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ചും സിസേറിയന്‍ നടന്നിട്ടുണ്ട്. അതും സര്‍ക്കാര്‍ ആശുപത്രിയാണ്. അവിടെ നിന്നാണെങ്കിലും കുറ്റക്കാരെ കണ്ടെത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
2017ലാണ് മെഡിക്കല്‍ കോളജില്‍ യുവതിക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷമാണ് തനിക്ക് ബുദ്ധിമുട്ടുണ്ടായതെന്നാണ് പെരുമണ്ണ സ്വദേശിനിയായ ഹര്‍ഷിന പറയുന്നത്. 2012ലും 2016ലും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ വെച്ച് യുവതി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.
അതേസമയം, മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ശസ്ത്രക്രിയക്കിടെ ഉപകരണം വെച്ചുമറന്നതിനെ തുടര്‍ന്ന് തനിക്കുണ്ടായ ദുരിതത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷിന നല്‍കിയ പരാതിയില്‍ മെഡി. കോളജ് പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം യുവതി സിറ്റി പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് 2017ല്‍ ചികിത്സിച്ച ഡോ. വിനയചന്ദ്രന്‍, ഡോ. സജല, മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. കെ ശ്രീകുമാര്‍ എന്നിവരുടെ പേരിലാണ് നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഐ പി സി 338 പ്രകാരമാണ് കേസ്.