ഏലൂര്‍ :ആരോഗ്യ കേരളം കെട്ടിപ്പടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
ഒരു ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുമ്പോൾ അതിന്റെ ലക്ഷ്യം ഉള്ളടക്കത്തില്‍ മാറ്റം വരുത്തുക എന്നതാണ്. മറ്റ് ലാബുകളിലും ദൂരെയുള്ള ആശുപത്രികളിലും നടത്തേണ്ട പരിശോധനകള്‍ നമ്മുടെ ആരോഗ്യ കേന്ദ്രങ്ങളില്‍ നടക്കുന്ന സാഹചര്യം ഉണ്ടാകണം. ശ്വാസ് , ആശ്വാസ് ക്ലിനിക്ക് എന്നിവ ഉള്‍പ്പെടുന്ന സ്പെഷ്യാലിറ്റി ക്ലിനിക്ക് ഇവിടെ ഉണ്ടാകണം. പ്രദേശത്തുള്ളവര്‍ക്ക് രോഗമുണ്ടായാല്‍ ആദ്യം ആരോഗ്യ കേന്ദ്രത്തെ സമീപിക്കാനാകണം. ഇ- ഹെല്‍ത്ത് നടപ്പിലാക്കുന്നതോടെ കേരളത്തിലെ ഏത് സര്‍ക്കാര്‍ ആശുപത്രിയുമായും ബന്ധപ്പെടുത്താനാകും.ലാബ് റിസള്‍ട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ രോഗിയുടെ ഐ.ഡിവഴി മനസിലാക്കാനാകും. മൂന്ന് ഡോക്ടര്‍മാരുടെ സേവനം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഉണ്ടാകും. വൈകിട്ട് ആറുവരെ ഒ.പി സൗകര്യം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ നാലു മിഷനുകളില്‍ ഒന്നായ ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കല്‍ കോളേജുകളിലും എത്തുന്ന രോഗികള്‍ക്ക് അവിടുത്തെ പൊതു അന്തരീക്ഷം രോഗി സൗഹൃദവും ജനസൗഹൃദവും ആക്കുക എന്നുള്ളതാണ് ലക്ഷ്യമാക്കുന്നത്. ഇരിക്കാന്‍ നല്ല കസേരകളും കാത്തിരിപ്പ് സ്ഥലവും സാന്ത്വനിപ്പിക്കുന്ന അന്തരീക്ഷവും ഓരോ ആശുപത്രികളിലും ഉണ്ടാകുക എന്നത് പരമ പ്രധാനമായ കാര്യമാണ്.അതോടൊപ്പം ഏറ്റവും നൂതനമായ ചികിത്സാ സൗകര്യങ്ങളും നമ്മുടെ ആശുപത്രികളില്‍ കൊണ്ടു വരിക എന്നുള്ളതും. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
മെയ് മാസത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും. ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് അനുവദിച്ചിട്ടുണ്ട്. പീഡിയാട്രിക് സെന്‍റര്‍ ഓഫ് എക്സലന്‍സിന്റെ ഭാഗമായി രണ്ടര കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ആര്‍ദ്രം മിഷന്റെ ലക്ഷ്യങ്ങളായ രോഗ നിര്‍മ്മാര്‍ജ്ജനം, രോഗ പ്രതിരോധം, ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, അവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക എന്നുള്ളതാണ്. നിയോജകമണ്ഡലങ്ങളിലായി 30 വയസിന് മുകളില്‍ പ്രായമുള്ള 1.69 ലക്ഷം ആളുകളാണ് ഉള്ളത്. അതില്‍ 60 ലക്ഷത്തിലധികം പേരെ ആശാവര്‍ക്കര്‍മാര്‍ വീടുകളില്‍ പോയി സ്ക്രീനിങ് നടത്തിയിട്ടുണ്ട്. 500 ല്‍ അധികം തദ്ദേശസ്ഥാപനങ്ങളില്‍ സ്ക്രീനിങ് നടത്തി. റിസ്ക് ഫാക്ടറുകള്‍ കണക്കിലെടുത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാവര്‍ക്കും ചികിത്സ ഉറപ്പുവരുത്തുന്നതിനും ആരോഗ്യ കേന്ദ്രങ്ങള്‍ വഴി എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പു വരുത്തുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്. കാന്‍സര്‍ പോലുള്ളവയുടെ രോഗ ലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സ തേടാന്‍ ശ്രമിക്കണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിന്റേയും ക്യാന്‍സര്‍ സെന്‍ററിന്റെയും വികസനത്തിനായി അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജ് ആവശ്യമായ തസ്തികകള്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി മേഖലയില്‍സൃഷ്ടിക്കുന്നതിനുള്ള നടപടികളും മുന്നോട്ടു പോകുന്നുണ്ട്. ധനകാര്യ വകുപ്പുമായി ചേര്‍ന്ന് വൈകാതെ സാക്ഷാത്കരിക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി മുഖ്യാതിഥി ആയി. ദേശീയ ആരോഗ്യ ദൗത്യം 55 ശതമാനവും നാഷണല്‍ മിനറല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (എന്‍.എം.ഡി.സി) 45 ശതമാനവും തുക ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി സുജില്‍, വൈസ് ചെയര്‍പേഴ്സണ്‍ ലീലാ ബാബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.എം ഷെനിന്‍, അംബികാ ചന്ദ്രന്‍, പി.എ ഷെരീഫ്, പി.ബി രാജേഷ്, ദിവ്യാ നോബി, അംഗങ്ങളായ പി.എം അയൂബ്, എസ്. ഷാജി,ധന്യ ഭദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, നഗരസഭാ സെക്രട്ടറി പി.കെ സുഭാഷ്, ഏലൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിക്ടര്‍ ജോസഫ് കൊറയ, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍,കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.