തിരുവനന്തപുരം :അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് ബ്ലോക്കിലുള്‍പ്പെട്ട 12 ക്ഷീരസഹകരണ സംഘങ്ങളില്‍ ഓട്ടോ മാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
ഗുണനിലവാരമുള്ള പാല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 19.83 ലക്ഷം രൂപ ചെലവഴിച്ചാണ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നത്. വെള്ളനാട് ക്ഷീരസംഘം ഹാളില്‍ നടന്ന ചടങ്ങില്‍ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എസ്. എല്‍ കൃഷ്ണകുമാരി, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സരള, വാര്‍ഡ് മെമ്പര്‍ എസ്. കൃഷ്ണകുമാര്‍, വെള്ളനാട് ക്ഷീര വികസന ഓഫീസര്‍ മേരി സുധ. ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.