തിരുവനന്തപുരം: ഇക്കഴിഞ്ഞ മേയ് 30 ന് നേമം വെള്ളായണി ജംഗ്ഷൻ പറക്കോട് കുളത്തിൽ രണ്ടു കുട്ടികൾ മുങ്ങിമരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നേമം പോലീസ് എഫ്. ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ കേസിന്റെ നിലവിലെ അവസ്ഥയും വിശദമാക്കി നേമം എസ്.എച്ച്.ഒ നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. കേസ് നവംബർ 5 ന് പരിഗണിക്കും.
കുളത്തിന്റെ നവീകരണം നിർത്തിവച്ചതായി ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിച്ചുകുളത്തിനകത്ത് ഒരു ചെറുകുളം ഉണ്ടെന്നും ഇത് ആരുടെയും ശ്രദ്ധയിൽ പെടാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ചെറുകുളത്തിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചതെന്ന് പരാതിക്കാരനായ മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം കമ്മീഷനെ അറിയിച്ചു. നവികരണം നടന്നപ്പോൾ ചെറുകുളം സ്ലാബ് കൊണ്ട് അടച്ചിരുന്നെങ്കിൽ അപകടം സംഭവിക്കുകയില്ലായിരുന്നുവെന്ന് പരാതിക്കാരൻ അറിയിച്ചു. കുളത്തിന്റെ നവീകരണം നടത്തിയത് ജലസേചന വകുപ്പാണെന്ന് നഗരസഭാ സെക്രട്ടറിയും കമ്മീഷനെ അറിയിച്ചു.