29/3/23
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ജീവന്‍ കൊടുത്ത് പ്രതികരിക്കുകയായിരുന്നു വേലുത്തമ്പി. മരണത്തിലല്ലാതെ മറ്റൊരു ശക്തിക്കും തന്നെ കീഴടങ്ങില്ല എന്ന തമ്പിയുടെ ഉറച്ച തീരുമാനം നടുക്കിയത് സാമ്രാജ്യത്വത്തിന്‍റെ ദന്തഗോപുരങ്ങളെ ആയിരുന്നു.
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ പദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നഷ്ടമാക്കി ജീവത്യാഗം വരിക്കുകയും ചെയ്ത ചരിത്രപുരുഷൻ.
ചെമ്പകരാമന്‍ വേലായുധന്‍ എന്ന് യഥാര്‍ത്ഥ പേര്. കന്യാകുമാരി ജില്ലയിലെ തലക്കുളത്ത് വലിയവീട്ടില്‍ ജനിച്ചു. ചെറുപ്പത്തില്‍ ആയുധവിദ്യ അഭ്യസിക്കുകയും നാട്ടുകൂട്ടം നേതാവാകുകയും ചെയ്തു.
പിന്നീട് മണ്ഡപത്തും വാതില്‍ക്കല്‍ കാവല്‍ക്കാരന്‍, ഇരണിയയിലെ കാവല്‍ക്കാര്‍, മുളകുമടിശ്ശീല (വാണിജ്യം) കാര്യക്കാര്‍ എന്നീ പദവികളിലൂടെ ഉയര്‍ന്ന് ബാലരാമവര്‍മ്മ രാജാവിന്‍റെ ദളവയായി (1801)
ആലപ്പുഴ തുറമുഖം വികസിപ്പിച്ചത് ദളവയാണ്. അങ്ങനെ കേരളത്തിന്‍റെ വികസന ചരിത്രത്തിലും അദ്ദേഹത്തിന് സ്ഥാനമുണ്ട്.
തിരുവതാംകൂറിന്റെ കപ്പക്കുടിശ്ശിക അടയ്ക്കാത്തതിന്‍റെ പേരില്‍ ബ്രിട്ടീഷ് കമ്പനിയുമായി ശത്രുതയിലായ തമ്പി കുണ്ടറയില്‍ വച്ച് ബ്രിട്ടിീഷുകാര്‍ക്കെതിരെ 1809 ജനുവരി14-ന് പരസ്യമായി വിളംബരം നടത്തി തുടര്‍ന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട തമ്പി ബ്രിട്ടീഷുകാരുമായി പരസ്യമായും രഹസ്യമായും ഏറ്റുമുട്ടി.
കൊച്ചിയിലെ പാലിയത്തച്ചനുമായി സമരത്തില്‍ കൂട്ടുണ്ടാക്കി. ജനങ്ങുടെ ശക്തിയെ ഉപയോഗപ്പെടുത്തുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ലങ്കിലും, ആ സത്യം തിരിച്ചറിഞ്ഞ ആദ്യത്തെ സ്വാതന്ത്യ സമരനായകനാണ് വേലുത്തമ്പി എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങള്‍ സ്വാതന്ത്യ സമരത്തിനു തയ്യറായതില്‍ കുണ്ടറ വിളംബരത്തിന്‍ വലിയ പങ്കുണ്ട്.
എന്നാൽ തന്റെ കർക്കശ നിലപാടുകൾ മൂലം തിരുവതാംകൂർ സിംഹാസനം ബ്രിട്ടീഷുകാരുടെ കോപാഗ്നിയിൽ വെണ്ണീറാകതെ, അദ്ദേഹം സ്വയം ഉത്തരവാദിത്തങ്ങൾ ഏറ്റു.
വേലുത്തമ്പിക്കു ആദ്യം ഒളിയിടമൊരുക്കിയത് വള്ളിക്കോട് കോട്ടയത്തെ നേന്ത്രപ്പള്ളില്‍ തറവാട് ആണ്. ബ്രിട്ടീഷുകാര്‍ക്ക് ജീവനോടെ കീഴടങ്ങുകയില്ലെന്ന് പ്രതിജ്ഞ ചെയ്ത്, അടൂര്‍ മണ്ണടി ക്ഷേത്രത്തില്‍ അഭയം പ്രാപിച്ചിരുന്ന തമ്പിയെ ശത്രുക്കള്‍ വളഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തു. അത് 1809 മാര്‍ച്ച് മാസം 29-നായിരുന്നു.
ബ്രിട്ടീഷുകാര്‍ പക തീരാതെ തമ്പിയുടെ മൃതദേഹം തിരുവനന്തപുരത്ത് കണ്ണമൂലയില്‍ കൊണ്ടുവന്ന് കഴുകിലേറ്റി. കഴുവിലേറ്റിയ ദളവയുടെ ജഡം അരിശം മാറാത്ത വെള്ളപ്പട്ടാളം വലിച്ചിഴച്ചു കൊണ്ടുവന്ന് കുമാരപുരം ചെട്ടിക്കുന്നിൽ വലിച്ചെറിഞ്ഞു. ആ കുന്നിപ്പോൾ ദളവാക്കുന്നെന്നും അറിയപ്പെടുന്നു.