തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികളുടെ റാഗിങ്ങിനെ തുടർന്ന് മരണപ്പെട്ട ജെ. എസ്. സിദ്ധാർത്ഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാരിന് വിമുഖത.
ദേശീയ മനുഷ്യാവകാശകമ്മീഷനും,സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസ് പരിഗണിച്ച് സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. സിദ്ധാർത്ഥന്റെ കുടുംബത്തിന് ഏഴു ലക്ഷം രൂപ നൽകാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയത്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ നിസ്സംഗത പാലിക്കുകയാണ്.
സിദ്ധാർത്ഥന്റെ മരണകാരണം സംബന്ധിച്ച് സിബിഐയുടെ അന്വേഷണറിപ്പോർട്ട് കോടതിയുടെ പരിഗണനയിലായ തു കൊണ്ട് സാമ്പത്തിക സഹായം നൽകാൻ കഴിയില്ല എന്ന നിലപാടാണ് സർക്കാർ കമ്മിഷനുകളെ അറിയിച്ചതെന്നറിയുന്നു.
അടുത്തയിട വിദ്യാർഥി സംഘട്ടനത്തിൽ മരണപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാർത്ഥിക്കും, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽപ്പെട്ട് മരണപ്പെട്ട നാലു വിദ്യാർത്ഥികൾക്കും, ആമഇഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട തൊഴിലാളിക്കും സാമ്പത്തിക സഹായം നൽകിയ സർക്കാർ, കോളേജ് ഹോസ്റ്റലിൽ മരണപ്പെട്ട സിദ്ധാർത്ഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ അമാ ന്തിക്കരുതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
എസ്എഫ്ഐ യിൽപെട്ട ഏതാനും വിദ്യാർത്ഥികൾക്ക് റാഗിങ്ങിൽ പങ്കുണ്ടെന്ന ആരോപണം നിലനിൽക്കുന്നതു കൊണ്ട് മാത്രമാണ് മരണപ്പെട്ട സിദ്ധാർത്ഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ വിമുഖത കാട്ടുന്നതെന്ന് ക്യാമ്പയിൻ കമ്മറ്റി കുറ്റപ്പെടുത്തി
(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )