വ്യാജ സർട്ടിഫിക്കറ്റ് കേസ് :വിദ്യയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും1 min read

1/7/23

കാസറഗോഡ് :വ്യാജ സർട്ടിഫിക്കേറ്റ് കേസിൽ പിടിയിലായ വിദ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുംഇപ്പോള്‍ ഇടക്കാല ജാമ്യത്തിലാണ് വിദ്യ. ഇന്നലെ ഹോസ്ദുര്‍ഗ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചെങ്കിലും പൊലീസ് ഹാജരാക്കിയ രേഖകളും റിപ്പോര്‍ട്ടും വിശദമായി പരിശോധിക്കേണ്ടതിനാല്‍ ഇന്നത്തേയ്‌ക്ക് മാറ്റുകയായിരുന്നു.

കരിന്തളം സര്‍ക്കാര്‍ കോളേജില്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം വിദ്യ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് ഇവിടെ ജോലി ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അതേസമയം, വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണിലാണെന്നും മറ്റാരുടെയും സഹായം കിട്ടിയില്ലെന്നുമാണ് വിദ്യയുടെ മൊഴിയെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ നശിപ്പിച്ചുവെന്നും വിദ്യ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയതായി പൊലീസ് പറയുന്നു. ചോദ്യം ചെയ്യലിനിടെ കരിന്തളം ഗവണ്‍മെന്റ് കോളേജ് പ്രിൻസിപ്പല്‍ ഇൻ ചാര്‍ജ് ഡോ. ജയ്‌സണെ പൊലീസ് വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ കുറ്റങ്ങളെല്ലാം വിദ്യ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കെ വിദ്യക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കുമെന്ന് വിദ്യയുടെ അഭിഭാഷകൻ അറിയിച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വ്യാജരേഖാ കേസില്‍ വിദ്യക്കെതിരെ തെളിവ് നശിപ്പിക്കല്‍കൂടി നീലേശ്വരം പൊലീസ് ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *