ബിജെപിയുമായി അകലം പാലിക്കാനുള്ള വിഎസ്ഡിപി തീരുമാനം ആലോചിച്ച് എടുത്തതാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ.
വി.എസ്.ഡി.പിയുടെ ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റാത്തതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പിയുമായുള്ള ബന്ധത്തിൽ അകലം പാലിക്കാൻ വി.എസ്.ഡി.പിയുടെ ഇരുപതാമത് നാടാർ പ്രതിനിധിസഭയിൽ തീരുമാനമെടുത്തത്.
ബി.ജെ.പി യുമായുള്ള ബന്ധം കൊണ്ട് സമുദായത്തിന് യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ലെന്ന് യോഗത്തിൽ പ്രതിനിധികൾ വിമർശനമുന്നയിച്ചു. അത് അക്ഷരംപ്രതി സത്യമാണ് താനും.
സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്ന വൈകുണ്ഠ സ്വാമിയുടെ പേര് രാജ്യത്തെ ഏതെങ്കിലും സർവകലാശാലയ്ക്ക് നൽകുക, വൈകുണ്ഠ സ്വാമിയുടെ ചിത്രം പതിച്ച പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കുക, നവോത്ഥാന രംഗത്ത് അവാർഡ് ഏർപ്പെടുത്തുക, കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ഒരു ട്രെയിനിന് വൈകുണ്ഠസ്വാമിയുടെ പേര് നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.
ഈ ആവശ്യങ്ങൾ നടപ്പാക്കിയാൽ മാത്രം ബന്ധം തുടർന്നാൽ മതിയെന്ന അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്.
വി മുരളീധരൻ കേന്ദ്ര മന്ത്രിയായപ്പോൾ ആദ്യം സന്ദർശിച്ചത് വൈകുണ്ഠ ഭവനാണ്. ഈ ആവശ്യങ്ങളെല്ലാം നടപ്പാക്കുമെന്ന് അദ്ദേഹം അന്ന് ഉറപ്പുനൽകിയിരുന്നു.
എന്നാൽ ഒന്നും ഉണ്ടായില്ല. കാമരാജ് കോൺഗ്രസ് പങ്കെടുത്ത മുന്നണി യോഗങ്ങളിൽ അടക്കം ഈ ആവശ്യങ്ങൾ പലതവണ ബിജെപിയുടെ എല്ലാ നേതാക്കളുടെയും മുൻപിൽ അവതരിപ്പിച്ചിട്ടുള്ളതാണ്.
അടുത്തകാലത്ത് ആർഎസ്എസ് സംസ്ഥാന നേതൃത്വത്തെ കണ്ട് ഈ കാര്യങ്ങൾ നടപ്പാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിൻ്റെ വഴിയെ തന്നെ പോകട്ടെ എന്നും
ബിജെപി നേതാക്കളെ തന്നെ സമീപിക്കാനുമാണ് സംഘം നിർദ്ദേശിച്ചത്.
പ്രധാനമന്ത്രിയെ ഓൺലൈനായി ഒരു പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ് , സുഭാഷ് എന്നീ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. അന്ന് ഈ വിഷയവും ഉയർത്തി.
ആർഎസ്എസ് നേതാക്കളെ കണ്ടും ഇക്കാര്യം പറഞ്ഞിരുന്നു എന്ന് പറഞ്ഞപ്പോൾ കെ സുരേന്ദ്രൻ ക്ഷുഭിതനാവുകയാണ് ചെയ്തത്.
ആർഎസ്എസിനോട് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ നടപ്പാക്കിക്കോ എന്നാണ് അദ്ദേഹം പറഞ്ഞത്.
കേരള കാമരാജ് കോൺഗ്രസ് 19ന് യോഗം ചേരുന്നുണ്ട്. രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ കാമരാജ് കോൺഗ്രസിന്റെ തീരുമാനം അന്നുണ്ടാകും.
ബിജെപിയോടും സംഘപരിവാർ പ്രസ്ഥാനങ്ങളോടും യാതൊരു എതിർപ്പും ഇല്ലാത്തതിനാൽ തന്നെ ഉചിതമായ കാരണങ്ങൾ ഇല്ലാതെ ഒരു മുന്നണി മാറ്റം ഒരിക്കലും ആലോചിച്ചിട്ടേയില്ല.
പക്ഷേ തുടർച്ചയായ ഈ അവഗണന തുടരുന്നത് ബിജെപിക്കും എൻ.ഡി.എക്കും നല്ലതല്ല.
കാമരാജ് കോൺഗ്രസിനോട് എന്നല്ല എല്ലാ ഘടകകക്ഷികളോടും ഇതേ നയമാണ് ബിജെപി നേതൃത്വം സ്വീകരിക്കുന്നത്.
ചായകുടിച്ച് പിരിയാൻ മാത്രം ഉള്ളതാണ് മുന്നണി യോഗങ്ങൾ. അവർ കുറച്ച് തീരുമാനങ്ങൾ എടുത്തശേഷം അത് വന്ന് അറിയിക്കും.
അതിനപ്പുറം ഒന്നും ആ യോഗങ്ങളിൽ നടക്കുന്നില്ല.
തിരുവനന്തപുരം ജയിക്കാവുന്ന സീറ്റ് ആയിട്ടും രാജീവ് ചന്ദ്രശേഖറെ തോൽവി അറിയിച്ചതിന് പിന്നിൽ ഇത്തരത്തിലുള്ള പല കാരണങ്ങളുമുണ്ട്.
അത് ചൂണ്ടിക്കാട്ടി മുൻപ് ഫേസ്ബുക്ക് കുറുപ്പ് ഇട്ടിരുന്നു. അത് പല നേതാക്കന്മാർക്കും അത്ര പിടിച്ചിട്ടില്ല എന്നറിയാം.
എന്നാൽ സത്യങ്ങൾ തുറന്നു പറയാൻ യാതൊരു ഭയവുമില്ല. അതുകൊണ്ട് ഉണ്ടാകുന്ന നഷ്ടങ്ങൾ സഹിക്കാൻ തയ്യാറാണ് താനും.
വ്യക്തിപരമായ എന്തെങ്കിലും നേട്ടങ്ങൾ അല്ല മുന്നണിയോട് ആവശ്യപ്പെട്ടത്.
രാജ്യത്തെ നവോത്ഥാന നായകരിൽ പ്രമുഖനാണ് വൈകുണ്ഠസ്വാമി. അദ്ദേഹത്തിൻറെ ഓർമ്മകൾ നിലനിർത്തുക എന്നത് വിഎസ് ഡിപി യുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇനിയെങ്കിലും ബിജെപി സംസ്ഥാനത്ത് ഉറക്കം വിട്ട് എഴുന്നേൽക്കണം.
കേന്ദ്രത്തിൽ സമ്മർദം ചെലുത്തി ഉചിതമായ തീരുമാനം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു.
കെ സുരേന്ദ്രനോട് വ്യക്തിപരമായി യാതൊരു വിയോജിപ്പും ഇല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടെ.
അദ്ദേഹത്തിൻറെ ചില നിലപാടുകളോടാണ് എതിർപ്പ് തോന്നിയിട്ടുള്ളത്. ശൈലിയോട് ആണത്.
ഒരു വിഷയം ആർഎസ്എസിനെ അറിയിച്ചു എന്നു പറഞ്ഞാൽ അതിൽ സുരേന്ദ്രൻ അസ്വസ്ഥനാകേണ്ട കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല. സുരേന്ദ്രനെ ചെറുതാക്കാനോ ഒന്നുമല്ല ആർഎസ്എസിനെ കണ്ട് ഇക്കാര്യം അറിയിച്ചത്. പതിറ്റാണ്ടുകളായി ബിജെപി ഉണ്ടാക്കുന്ന പല നേട്ടങ്ങളുടെയും പിന്നിൽ ആർഎസ്എസ് ആണ് എന്നത് ആരും എടുത്തു പറയേണ്ട കാര്യമില്ല .
ബിജെപി നേതാക്കളോട് പലതവണ ഉന്നയിച്ചിട്ടും നടപ്പാവാത്തതിനാലാണ് കാര്യങ്ങൾ അവരെ ധരിപ്പിച്ചത്.
എന്നാൽ അവരാകട്ടെ ഇത്തരം കാര്യങ്ങൾ കൃത്യമായ വഴിയിലൂടെ പോകണം എന്ന് നിഷ്ഠ ഉള്ളവരാണ്. പക്ഷേ അക്കാര്യങ്ങൾ തുറന്നു പറയുമ്പോൾ സുരേന്ദ്രൻ ക്ഷോഭിച്ചത് എന്തുതരം രാഷ്ട്രീയമാണ് എന്ന് പിടികിട്ടുന്നേയില്ല.
പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചെങ്കിൽ മാത്രമേ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സംഘടനയ്ക്കും മുന്നണിക്കും കഴിയുകയുള്ളൂ.-വെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു.