8/3/23
തിരുവനന്തപുരം :വനിതാദിനത്തിൽ വനിതാ രത്ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സമൂഹത്തിലെ നാനാ തുറകളിലും വ്യക്തിമുദ്ര പതിപ്പിച്ച 4സ്ത്രീ രത്നങ്ങളാണ് പുരസ്‌കാരത്തിന് അർഹരായത്.
കായിക മേഖലയില്‍ കെ.സി. ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂർ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളജ്, സര്‍ജിക്കല്‍ ഗാസ്ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവരെ തെരഞ്ഞെടുത്തു. ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
കെ.സി. ലേഖ
ഇന്ത്യന്‍ വനിത അമച്വര്‍ ബോക്സിംഗ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച് 2006ലെ വനിതാ ലോക അമച്വര്‍ ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ കെ.സി. ലേഖ. കായിക മേഖലയില്‍ നല്‍കിവരുന്ന സംഭാവനകള്‍ കണക്കിലെടുത്താണ് വനിതരത്ന പുരസ്‌കാരം നല്‍കി ആദരിക്കുന്നത്.
നിലമ്പൂർ ആയിഷ
പ്രശസ്ത സിനിമാ നാടക നടിയാണ് നിലമ്പൂർ അയിഷ. ആദ്യ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.
ലക്ഷ്മി എന്‍ മേനോന്‍
കൊച്ചിയില്‍ ‘പ്യുവര്‍ ലിവിംഗ്’ എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്മി എന്‍ മേനോന്‍ അമ്മൂമ്മത്തിരി/വിക്സ്ഡം എന്ന ആശയം ആവിഷ്‌കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം നേടിക്കൊടുത്തു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
ഡോ. ആര്‍.എസ്. സിന്ധു
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറാണ് ആര്‍.എസ്. സിന്ധു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രകിയകള്‍ യാഥാര്‍ത്ഥ്യമാക്കി. കേരളത്തില്‍ നിന്ന് ആദ്യമായി സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജിയില്‍ എംസിഎച്ച് നേടിയ വനിതയാണ് ഡോ. ആര്‍.എസ്. സിന്ധു.