തിരുവനന്തപുരം :ലോക കാൻസർ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാറും ബോധവത്ക്കരണ ക്ലാസും നടന്നു. വഞ്ചിയൂർ അന്നാ ചാണ്ടി മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടി മുൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം ഉദ്ഘാടനം ചെയ്തു. നീതി ജനങ്ങളിലേക്ക് എത്തിക്കാനും സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഇറങ്ങി ചെല്ലാനുമാണ് നിയമസേവന അതോറിറ്റി രൂപം നൽകിയതിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യത്തോടുകൂടി ജീവിതം നയിക്കാൻ, അല്ലെങ്കിൽ രോഗം വരുന്ന സാഹചര്യത്തിൽ ചികിത്സ ലഭ്യമാക്കി ആ ജീവിതം നിലനിർത്തുന്നതിനുള്ള ഇന്ത്യൻ പൗരന്റെ അവകാശത്തെയാണ് നിയമസേവന അതോറിറ്റി ഇത്തരം പരിപാടികളിലൂടെ ഓർമ്മിപ്പിക്കുന്നതെന്നും ജസ്റ്റിസ് സി.കെ അബ്ദുൾ റഹിം കൂട്ടിച്ചേർത്തു. ‘കാൻസർ ഒരു ജീവിതശൈലി രോഗവുമാകുന്നു’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. റീജണൽ കാൻസർ സെന്റർ മുൻ അഡീഷണൽ ഡയറക്ടർ ഡോ. കുസുമകുമാരി ക്ലാസിന് നേതൃത്വം നൽകി.
തിരുവനന്തപുരം ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷംനാദ് ചടങ്ങിൽ അധ്യക്ഷനായി. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടറും സംസ്ഥാന കാൻസർ കെയർ നോഡൽ ഓഫീസറുമായ ഡോ. ബിപിൻ ഗോപാൽ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ആനയറ ബാലു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.