ന്യൂ ഡല്‍ഹി: പഠനത്തിന്റെ അവസാന വര്‍ഷത്തില്‍ നടക്കാറുള്ള പ്ലെയ്സ്മെന്റ് ഡ്രൈവ് വഴി ഒട്ടേറെ ഇന്ത്യന്‍ മിടുക്കന്മാര് കോടികളുടെ ശമ്പളം നേടാറുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വരികയുണ്ടായിരുന്നു.
ഏറ്റവുമൊടുവില്‍ ഐഐടി ബോംബെയിലെ ഒരു വിദ്യാര്‍ഥിയാണ് ഇപ്പോൾ വാര്‍ത്തകളില്‍ ഇടംനേടുന്നത്. പ്രതിവര്‍ഷം 3.7 കോടി രൂപയുടെ വാര്‍ഷിക ശമ്പള ഓഫറാണ് വിദ്യാര്‍ഥിക്ക് ഒരു അന്താരാഷ്ട്ര കമ്പനിയില്‍ നിന്നും ലഭിച്ചത്.
മുന്‍ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര വാര്‍ഷിക ശമ്പളം 2.1 കോടി രൂപയായിരുന്നു. റിപ്പോര്‍ട്ട് അനുസരിച്ച്, എഞ്ചിനീയറിംഗ്, ടെക്നോളജി മേഖലയാണ് ഏറ്റവും ഉയര്‍ന്ന റിക്രൂട്ട്മെന്റുകള്‍ക്ക് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
മുംബൈ ക്യാമ്പസിൽ തന്നെ , ഇത്തവണ ശരാശരി ശമ്പളം പ്രതിവര്‍ഷം 21.8 ലക്ഷം രൂപയാണ്. 2021-22, 2020-21 വര്‍ഷങ്ങളില്‍ യഥാക്രമം 21.5 ലക്ഷം രൂപയും 17.9 ലക്ഷം രൂപയും ആയിരുന്നു വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച ഓഫറുകൾ.
ഏറ്റവും പുതിയ പ്ലെയ്സ്മെന്റ് ഡ്രൈവില്‍, പ്രതിവര്‍ഷം ഒരു കോടി രൂപയില്‍ കൂടുതലുള്ള 16 ഓഫറുകളുണ്ടായി. മൊത്തം 300 പ്രീ പ്ലെയ്സ്മെന്റ് ഓഫറുകളില്‍ 194 എണ്ണം അന്താരാഷ്ട്ര കമ്പനികളുടേതാണ്. 65 അന്താരാഷ്ട്ര ഓഫറുകള്‍ വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചു. അതേസമയം, ഈ വര്‍ഷം അന്താരാഷ്ട്ര ഓഫറുകള്‍ കുറവായിരുന്നു എന്നതും ശ്രദ്ധേയമാണ്.
യുഎസ്, ജപ്പാന്, യുകെ, നെതര്‍ലാന്‍ഡ്സ്, ഹോങ്കോംഗ്, തായ്വാന് എന്നിവിടങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് അന്താരാഷ്ട്ര ഓഫറുകള്‍കൂടുതൽ വന്നത്. യുക്രെയ്നിലെ യുദ്ധം, ആഗോള സമ്ബദ്വ്യവസ്ഥ തുടങ്ങിയ ഘടകങ്ങള്‍ അന്താരാഷ്ട്ര കമ്പനികളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഐഐടി ബോംബെ രണ്ട് ഘട്ടങ്ങളിലായാണ് പ്ലെയ്സ്മെന്റ് നടത്തുന്നത്. ആദ്യത്തേത് ഡിസംബറിലും രണ്ടാമത്തേത് ജനുവരി മുതല്‍ ജൂണ്‍ ജൂലൈ വരെയുമാണ്. 88 ലധികം കമ്ബനികള്‍ 302 വിദ്യാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഐടി, സോഫ്റ്റ്വെയര് നിയമനങ്ങള്‍ കുറഞ്ഞിട്ടുണ്ട്.
ബി.ടെക്, ഡ്യുവല്‍ ഡിഗ്രി, എം.ടെക് പ്രോഗ്രാം വിദ്യാര്‍ത്ഥികളില്‍, പ്ലെയ്സ്മെന്റുകളില്‍ പങ്കെടുത്ത 90 ശതമാനംപേരും ജോലി ഉറപ്പിച്ചിട്ടുണ്ട്. പിഎച്ച്ഡി റിക്രൂട്ട്മെന്റ് കുറഞ്ഞു. തൊഴില്‍ 31 ശതമാനം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ കണ്ടെത്താനായുള്ളൂ.