വായ്നാറ്റം ചിലരെങ്കിലും അഭിമുഖികരിക്കുന്ന പ്രധാന പ്രശ്നമാണ്. ആത്മവിശ്വാസത്തെയും മൊത്തത്തിലുള്ള വാക്കാലുള്ള ശുചിത്വത്തെയും ബാധിക്കുന്ന പ്രശ്നമാണ് ഹാലിറ്റോസിസ് എന്നറിയപ്പെടുന്ന വായ്നാറ്റം.
പലരിലും പലതാണ് വായ്നാത്തിന്റെ കാരണങ്ങള്‍ .
ഉറങ്ങുമ്പോൾ ഉമിനീരിന്റെ പ്രവര്‍ത്തനം കുറയുകയും തന്മൂലം വായിലെ കീടാണുക്കളുടെ പ്രവര്‍ത്തനം കൂടുകയും ചെയ്യുന്നു. ഇത്തരം കീടാണുക്കളുടെ പ്രവര്‍ത്തനം മൂലമുണ്ടാകുന്ന സംയുക്തങ്ങള്‍ വായില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാൻ കാരണമാകുന്നു.
ഭക്ഷണത്തിന് ശേഷം വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ വായിലിരുന്ന് കീടാണു ബാധ ഉണ്ടാകുകയും ഇത് വായ്നാറ്റത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നു. വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങള്‍ കൊണ്ടും വായ്നാറ്റം ഉണ്ടാകാവുന്നതുമാണ്.
ദന്തക്ഷയം, മോണയിലുണ്ടാകുന്ന പഴുപ്പ്, മോണവീക്കം, നാവിലുണ്ടാകുന്ന പൂപ്പല്‍, മറ്റ് ദന്തരോഗങ്ങള്‍ എന്നിവയൊക്കെ വായ്നാറ്റത്തിന് കാരണമാകുന്നു. വായ്നാറ്റം മാത്രമല്ല മോണരോഗം വരാതിരിക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം…
1, ദന്തശുചിത്വം ഉറപ്പുവരുത്തുക എന്നതാണ് വായ്നാറ്റം ഉള്ളവര്‍ ആദ്യം ചെയ്യേണ്ടത്. ഫ്ലൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ട് തവണ കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും ബ്രഷ് ചെയ്യുന്നത് നിർബന്ധമാക്കുക.
2, ദിവസവും രണ്ട് നേരവും നന്നായി ബ്രഷ് ചെയ്യുക. ആവശ്യമെങ്കില്‍ ഓരോ ഭക്ഷണ ശേഷവും പല്ലുകള്‍ വൃത്തിയാക്കാവുന്നതാണ്. ഡെന്റല്‍ ഫ്ളോസ് ഉപയോഗിച്ചു് പല്ലുകള്‍ക്കിടയിലുള്ള അഴുക്ക് നീക്കം ചെയ്യാവുന്നതാണ്.
3, പല്ല് തേക്കുന്ന സമയത്ത് തന്നെ നാവ് വൃത്തിയാക്കാനും ശ്രദ്ധിക്കുക.
4, ആന്റിമൈക്രോബയല്‍ മൗത്ത് വാഷ് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും. ബ്രഷിംഗിനും ഫ്ലോസിംഗിനും ശേഷം കഴുകിക്കളയുക.
5, മദ്യപാനം, പുകവലി എന്നീ ശീലങ്ങളും ഒഴിവാക്കുക. ഇവ വായ്ക്കകത്തെ ജലാംശം ഇല്ലാതാക്കും. വരണ്ട വായ വായ് നാറ്റത്തിന് കാരണമാകും. വായില്‍ ഈര്‍പ്പം നിലനിര്‍ത്താൻ ദിവസം മുഴുവൻ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.