കറിവേപ്പിന്റെ തഴച്ചുള്ള വളർച്ചയ്ക്ക് ഇതാ ചില പൊടിക്കൈകള്‍1 min read

കറിവേപ്പ് വയ്ക്കുന്നവര്‍ക്ക് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് കീടങ്ങളുടെ ആക്രമണം. ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നങ്ങളായാണ് കാണുന്നത്.

ഇതിനു പുളിച്ച കഞ്ഞിവെള്ളം നല്ലൊരു പ്രതിവിധിയാണ്. പുളിച്ച കഞ്ഞിവെള്ളത്തില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് കറിവേപ്പിനു മുകളില്‍ തളിക്കുന്നത് കീടങ്ങളുടെ ആക്രമണത്തില്‍ നിന്ന് കറിവേപ്പിനെ പ്രതിരോധിക്കും. കഞ്ഞിവെള്ളം തളിരിലകള്‍ വളരാനും സഹായിക്കുന്ന ഒന്നാണ്.

ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്. ഈര്‍പ്പം അത്യാവശ്യമാണെങ്കിലും വെള്ളം കെട്ടിക്കിടക്കുന്നത് വേര് അഴുകാന്‍ കാരണമാകുന്നു. ഇത് മൂടോടെ കറിവേപ്പ് നശിച്ച്‌ പോവുന്നതിന് കാരണമാകുന്നു. കറിവേപ്പ് വളര്‍ത്തുമ്പോൾ  അതിനു ചുവട്ടില്‍ ചാരം ഇടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഇലകളിലുണ്ടാകുന്ന കുത്തുകളും നിറം മാറ്റവും ഇല്ലാതാക്കുന്നതിനും നല്ല ആരോഗ്യമുള്ള ഇലകള്‍ ലഭിക്കുന്നതിനും ചാരം വിതറുന്നത് നല്ല കാര്യമാണ്.

കറിവേപ്പില പറിച്ചെടുക്കുന്നതിലും ഒരു രീതിയുണ്ട്. കറിവേപ്പിന്റെ ഇല മാത്രമായി പറിച്ചെടുക്കാതെ തണ്ടോടു കൂടിയായിരിക്കണം പറിച്ചെടുക്കേണ്ടത്. ഇത് പുതിയ ശിഖരങ്ങള്‍ പറിച്ചെടുത്ത ഭാഗത്ത് ഉണ്ടാവാന്‍ കാരണമാകുന്നു. തണ്ടോടെ ഇലകള്‍ പറിക്കുമ്പോൾ  ചെടി അധികം ഉയരത്തില്‍ വളരുകയും ചെയ്യില്ല.
കറിവേപ്പിന് പച്ചച്ചാണകവും കടലപ്പിണ്ണാക്കും മിക്‌സ് ചെയ്ത് വേരിനു ചുറ്റും ഒഴിച്ച്‌ കൊടുക്കുന്നത് നല്ലതാണ്. കറിവേപ്പില്‍ പുതിയ ഇലകള്‍ വളരാന്‍ ഇത് സഹായിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *