കുമ്പളത്തു ശങ്കുപിള്ള (1898-1969) ഇന്ന് 55-ാം സ്മൃതിദിനം…. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

1898 ഫെബ്രുവരി 15-ാം തീയതി കൊല്ലം, പ്രാക്കുളം താന്നിക്കൽ നാരായണി അമ്മയുടെയും കല്ലട, പുന്നയ്ക്കൽ വീട്ടിൽ ഈശ്വരപ്പിള്ളയുടെയും മകനായി ജനിച്ചു.ശങ്കുപിള്ള കൊല്ലം ഇംഗ്ലീഷ് ഹൈസ്കൂളിൽ രണ്ടാംഫാറം വരെ പഠിച്ചു. പിന്നീട് കുറച്ചു കാലം സംസ്കൃതം പഠിക്കാൻ പോയി. പഠന കാര്യത്തിൽ കുമ്പളത്തിന് ഒട്ടും താൽപ്പര്യമില്ലായിരുന്നു.18-ാം മത്തെ വയസ്സുവരെ പ്രാക്കുളത്തും തുടർന്ന് ജ്യേഷ്ഠൻ്റെ നിയോഗപ്രകാരം ചവറ, പന്മനയിലുള്ള വസ്തുക്കളുടെ ചുമതലക്കാരനായും ജീവിച്ചു വന്ന ശങ്കുപിള്ളയെ ഒരു രാഷ്ടീയ പ്രവർത്തകനാക്കി മാറ്റിയത് ബാരിസ്റ്റർ എ.കെ.പിള്ളയാണ്. പന്മനയിൽ ഒരു തികഞ്ഞ കൃഷിക്കാരനായി ജീവിതം ആരംഭിച്ച ശങ്കുപ്പിള്ള നാട്ടിലുണ്ടാകാറുള്ള പല തരംവഴക്കുകളും പറഞ്ഞു തീർക്കുന്ന മദ്ധ്യസ്ഥനായി മാറിയതോടെ പന്മനയിലെ മുടിചൂടാമന്നനായി മാറി. നാട്ടിലെ നവോത്ഥാന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 1936 ലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പുതന്നെ 1931-ൽ പന്മനയിലെ പനയന്നാർകാവ് ക്ഷേത്രം ,കണ്ണൻകുളങ്ങര ക്ഷേത്രവും കുമ്പളത്ത് ശങ്കുപ്പിള്ളയുടെ നേതൃത്വത്തിൽ അവർണർക്കു തുറന്നു കൊടുത്തു. പനയന്നാർ കാവുക്ഷേത്രം സി.വി.കുഞ്ഞുരാമൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലും കണ്ണൻ കുളങ്ങര ക്ഷേത്രം ഗാന്ധി ശിഷ്യൻ കെ.ജി.ശങ്കറിൻ്റെ അദ്ധ്യക്ഷതയിലുംഎ.കെ ഗോപാലൻ്റെ (എ.കെ.ജി) സാന്നിധ്യത്തിലും നടത്തിയ യോഗത്തിലുമാണു ദർശനത്തിനായി തുറന്നുകൊടുത്തത്. കുമ്പളത്തിൻ്റെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ രണ്ട് മഹാത്മാക്കൾ മഹാത്മാഗാന്ധിജിയും ചട്ടമ്പിസ്വാമികളുമാണ്. കുമ്പളത്തു ശങ്കുപ്പിള്ളയുടെ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവമാണു ചട്ടമ്പിസ്വാമികളുമായുള്ള കൂടിക്കാഴ്ച. സ്വാമികൾ കുമ്പളത്തിനെ “കാരണവർ ” എന്നായിരുന്നു സംബോധന ചെയ്തത്. 1924 മേയ് 5 പകൽ മൂന്നര മണിക്കു ചട്ടമ്പി സ്വാമികൾ സമാധിയായി. സ്വാമികൾ നേരത്തെ നിർദ്ദേശിച്ച പന്മനക്കാവിൽ അദ്ദേഹത്തെ സമാധി ഇരുത്തി.ആ മഹാസമാധി സ്ഥാനമാണു കുമ്പളത്തു ശങ്കുപ്പിള്ള സ്ഥാപിച്ച പന്മന ആശ്രമം. കുമ്പളത്തു ശങ്കുപ്പിള്ള കേരളത്തിൽ നടത്തിയ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ അംഗീകാരമായിരുന്നു 1934- ജനുവരി 19, 20 ന് ഗാന്ധിജിയുടെ പന്മനആശ്രമം സന്ദർശിക്കുകയും അവിടെ താമസിക്കുകയും ചെയ്തത്.സർ.സി.പി രാമസ്വാമി അയ്യരുടെ നയങ്ങളെ നഖശിഖാന്തം എതിർത്തു കൊണ്ടിരുന്ന കുമ്പളം ഏറെക്കാലം ജയിലറകളിലും കുറച്ചു കാലം മാത്രം വെളിയിലുമായിട്ടാണ് ജീവിതം നയിച്ചത്.1922-ൽ പടിഞ്ഞാറെകല്ലടയിൽ കാരുവള്ളിൽ ശ്രീമൂലം പ്രജാസഭാഅംഗമായ കാരുവള്ളിലെ വേലുപിള്ളയുടെ മകൾ ജനാകിഅമ്മയെ വിവാഹം കഴിച്ചു. അധികാര മോഹമോ ജാതി ചിന്തയോ ബാധിക്കാത്ത ഒരു ശുദ്ധഹൃദയനായിരുന്നു കുമ്പളം1949 മുതൽ 1951 വരെ കെ.പി.സി.സി പ്രസിഡൻ്റായി പ്രവർത്തിച്ചു .അദ്ദേഹത്തിനു മൂന്ന് പുത്രന്മാരും രണ്ടു പുത്രിമാരുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂറിലെ ആദ്യത്തെഫോറസ്റ്റ് കൺസർവേറ്ററും, ശ്രീമൂലംപ്രജാമെമ്പറുമായ രാമൻപിള്ള ജ്യേഷ്ഠനും, കൊല്ലത്തെ തൊഴിലാളി വർഗ്ഗത്തിൻ്റെ കണ്ണിലുണ്ണിയും സ്വാതന്ത്യ സമര സേനാനിയും ശ്രീ മൂലംപ്രജാസഭാമെമ്പർ കണ്ണത്തോടത്ത് ജനാർദ്ദനൻനായർജ്യേഷ്ഠ പുത്രനുമാണ്. മലയാള സാഹിത്യത്തിലെ ആത്മകഥാ ശാഖയിൽപ്പെടുന്ന കൃതികളിൽ മുൻനിരയിൽ നിൽക്കുന്നതും ഒരു സുപ്രധാന കാലഘട്ടത്തിൻ്റെ ചരിത്രം വിവരിക്കുന്നതുമാണ് കുമ്പളത്ത് ശങ്കുപ്പിള്ളയുടെ”എൻ്റെ കഴിഞ്ഞകാലസ്മരണകൾ “. ഒരു നല്ല ദേശാഭിമാനി എന്ന നിലയിൽ അദ്ദേഹം എപ്പോഴും എടുത്തിട്ടുള്ള നിലപാട് ജാതിക്കും മതത്തിനും അതീതമായിരുന്നു. കേരള രാഷ്ടീയത്തിലെ ഭീഷ്മാചാര്യർ എന്ന നിലയിലും അറിയപ്പെട്ടിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള 1969 ഏപ്രിൽ 16-ാം തീയതി അന്തരിച്ചു… സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ 16. 4.2024

Leave a Reply

Your email address will not be published. Required fields are marked *