പരവൂർ വി.കേശവൻആശാൻ (1859-1917) ഇന്ന് 107-ാം സ്മൃതിദിനം …..സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

 

ശ്രീ നാരായണ ഗുരുദേവൻ്റെ ആചാരപരിഷ്കരണ സംരംഭത്തിൽ വലംകൈയായി നിന്നു പ്രവർത്തിച്ച ഉത്തമ ഗൃഹസ്ഥ ശിഷ്യനാണ് പരവൂർ കേശവനാശാൻ. അനാചാര ധ്വംസനത്തിനും ആചാരപരിഷ്കരണത്തിനും ദേശസഭകൾ സ്ഥാപിക്കണമെന്നുള്ള ഗുരുപദേശമനുസരിച്ച്, കേരളത്തിലുടനീളം ദേശസഭകൾ ഉയർന്നു വന്നു. അവയിൽ സർവ്വ പ്രധാനമാണ് പരവൂർ ഈഴവ സമാജം.പ്രസ്തുത സമാജത്തിൻ്റെ ആഭിമുഖ്യത്തിലാണ് കേശവനാശാൻ സമുദായ സേവന പ്രവർത്തനങ്ങൾക്ക് വീര്യം പകർന്നത് ‘ഗുരുദേവൻ്റെ അനുഗ്രഹാശിസ്സുകളോടെ 1904-ൽ കൊല്ലം പരവൂരിൽ ആശാൻ പ്രാരംഭം കുറിച്ച ആചാരപരിഷ്കരണ പ്രവർത്തനങ്ങളുടെ അലമാലകളാണ് കേരളത്തിൽ അവർണ്ണ സമുദായങ്ങളുടെ നവോത്ഥാനത്തിന് സഹായകമായത്.ഗുരുദേവ ഭക്തനായ സമുദായ പരിഷ്കർത്താവ്, പ്രഗത്ഭനായ കവി, സംസ്കൃതാദ്ധ്യാപകൻ, പത്രപ്രവർത്തകൻ, ആയുർവേദാചാര്യൻ, പ്രാശ്നികൻ, പ്രജാ സഭാസാമാജികൻ എന്നിങ്ങനെ വർണ്ണശബളമായ മഹാ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നു പരവൂർ വി.കേശവനാശാൻ. അക്കാലത്തെ മഹാപണ്ഡിതന്മാരിൽ അഗ്രഗണ്യനുമായിരുന്നു. അദ്ദേഹം. 1892ൽ ആണ് സുജനാനന്ദിനി പത്രംആരംഭിച്ചത്.അന്ന് മറ്റു പത്രങ്ങൾ മലയാളത്തിൽ ഉണ്ടായിരുന്നവ നസ്രാണി ദീപികയും മനോരമയും ആണ് . ഭാഷാപോഷിണി സഭ ഉണ്ടായിരുന്നു. ഡോ. പല്പു അന്നു സമുദായ നേതൃത്വം സ്വീകരിച്ചു കഴിഞ്ഞിരുന്നില്ല. പിന്നെയും 12കൊല്ലം കഴിഞ്ഞ ശേഷമാണ് എസ്.എൻ.ഡി.പി യോഗത്തിൻ്റെ ആരംഭം. ഒരു കാര്യം അസന്ദിഗ്ദ്ധമായി നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. സമുദായ പരിഷ്കർത്താക്കളുടെയിടയിൽ കേശവനാശാൻ്റെ സ്ഥാനം അദ്വിതിയമാണെന്ന്. കേശവനാശൻ ജനിച്ചത് കൊല്ലം പരവൂർ സാഹിത്യ പാരമ്പര്യമുള്ള തറവാട്ടിലാണ്. പാവള്ളിക്കളിക്കും കമ്പിടികളിക്കും മറ്റും ധാരാളം പാട്ടുകൾ രചിച്ചിട്ടുള്ള പരവൂർ എഴിയത്ത്കൊച്ചമ്പാളി ആശാൻ്റെ ( 1799-1834)ഭാഗിനേയൻ എഴിയത്ത് വൈരവൻ വൈദ്യർ ആയിരുന്നു പിതാവ്.പരവൂർ തയ്യിൽ വീട്ടിൽ കുഞ്ഞിക്കുറുമ്പ അമ്മയും. 1859 ഫെബ്രുവരി 26 തീയതി കേശവനാശാൻ ജനിച്ചു. 5-ാം വയസ്സിൽ തന്നെ അച്ഛൻ കേശവനാശാനെ എഴുത്തിനിരുത്തി.പ്രാഥമിക പാഠങ്ങളും ചികിത്സാശാസ്ത്രങ്ങളും അഭ്യസിപ്പിച്ചത് പിതാവു തന്നെയാണ്. പരവൂർ ഇടത്തറഴികത്ത് ഗോവിന്ദനാശാൻ്റെ ശിഷ്യത്വം സ്വീകരിച്ച് സംസ്കൃത ഭാഷാ പഠനത്തിൽ വ്യാപൃതനായി. ശ്രീരാമോദന്തം, രഘുവംശം, കുമാരസംഭവം, യുധിഷ്ഠിര വിജയം തുടങ്ങിയ കാവ്യങ്ങൾ അഭ്യസിച്ചത് ഈ ഗുരുവിൽ നിന്നാണ്. അതിനു ശേഷം ആശാൻ ചവറയിൽ പുതുക്കാട്ടു മoത്തിൽ കൃഷ്ണപിള്ള യാശാൻ്റെ ശിഷ്യനായി മോഘവും കീരാതാർജ്ജു നീയവും സ്വായത്തമാക്കി.കാവ്യപഠനം പൂർത്തിയാക്കിയ ശേഷം കൃഷ്ണപിള്ള ഗുരുവിൽ നിന്നു തന്നെ ജ്യോതിഷം ആയുർദായ ഗണിതം വരെ അഭ്യസിക്കുകയും ഹോര, പ്രശ്നമാർഗ്ഗം, മുഹൂർത്ത മാധവീയം എന്നിവ പരിശീലിക്കുകയും ചെയ്തു.1879-ൽ വൈരവൻ വൈദ്യർ കേശവനാശാനെ അക്കാലത്തു ജീവിച്ചിരുന്ന പണ്ഡിതനായ ഇലന്തൂർ രാമസ്വാമി ശാസ്ത്രികളുടെ അടുക്കൽ അയച്ച് നൈഷധവും നാടകാലങ്കാരാദികളും അഭ്യസിപ്പിച്ചു.രാമസ്വാമി ശാസ്ത്രികൾക്കു ശാരീരികാസ്വാസ്ഥ്യം നേരിടുകയാൽ അദേഹത്തിൻ്റെ ശിഷ്യനായ അയ്യാസ്വാമി ശാസ്ത്രി കളാണ് ആശാനെ ശാസ്ത്ര ഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചത്.ധനാഢ്യനായ വൈരവൻവൈദ്യർ തൻ്റെ മകൻ്റെ വിദ്യാഭ്യാസത്തിന് എത്ര പണം ചെലവഴിക്കാനും സന്നദ്ധനായിരുന്നു. അയ്യാസ്വാമി ശാസ്ത്രികളെ പരവൂരിൽ വരുത്തി സ്വന്തം ചെലവിൽ താമസിപ്പിച്ചാണ് മകനെ പഠിപ്പിച്ചത്. തൻ്റെ സമുദായത്തിൻ്റെ അവശതകൾ പരിഹരിക്കണമെന്ന തീവ്രമായ അഭിലാഷമാണ് ആശാനെ ഒരു പത്രപ്രവർത്തകനായി മാറ്റിയത്.1891-ൽ തൻ്റെ പിതാവിൻ്റെ സഹായ സഹകരണത്തോടു കൂടി ആശാൻ പതിനായിരം രൂപ മൂലധനം മുടക്കി കേരളഭൂഷണം കമ്പനി എന്ന പേരിൽ ഒരു മുദ്രണാലയം പരവൂരിൽ സ്ഥാപിച്ചു. അവിടെ നിന്ന് 1892-ൽ ആശാൻ്റെ പത്രാധിപത്യത്തിൽ സുജനാനന്ദിനി എന്ന പേരിൽ ഒരു വൃത്താന്തപത്രം പ്രസിദ്ധീകരിച്ചുതുടങ്ങി.ശ്രീനാരായണ ഗുരുദേവൻ്റെ ഉത്തമ ശിഷ്യനും എസ്.എൻ.ഡി.പി.യോഗം സ്ഥാപിതമായ 1903-ൽ 13 അംഗ മാനേജിങ് കമ്മിറ്റി യിൽഅംഗവും സേവകനും ആയിരുന്നുകേശവനാശാൻ. ഈഴവ സമുദായത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ ഉന്മൂലനം ചെയ്യുവാൻ വേണ്ടി കേശവനാശാൻ1904 ജനുവരി 16 തീയതി ശ്രീ നാരായണ ഗുരുദേവൻ്റെ സാന്നിദ്ധ്യത്തിൽ കൊല്ലം പരവൂരിൽ ഒരു മഹായോഗം നടന്നു. താലികെട്ട്, തിരണ്ടുകുളി നിറുത്തൽ ചെയ്യാൻ തിരുമാനിച്ചു. കേളി കേട്ട ഒരു സംസ്കൃതാദ്ധ്യാപകനായിരുന്നു പരവൂർ കേശവനാശാൻ സംസ്കൃതം, വൈദ്യം, ജ്യോത്സ്യം ഇവ പഠിക്കുന്നതിന് അക്കാലത്തു പലരും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരായി പരവൂരിൽ ചെന്നു താമസിച്ചിരുന്നു. ആശാൻ്റെ ശിഷ്യഗണങ്ങളിൽ ഏറ്റവും പ്രസിദ്ധൻ മഹാകവി കെ.സി.കേശവപിള്ളയാണ്.ഒരു പത്രപ്രവർ ത്തകൻ എന്ന നിലയിൽ കേശവനാശാൻ്റെ പ്രശസ്തി കേരളമൊട്ടാകെ വ്യാപിച്ചിരുന്നു. ആശാൻ്റെ സുജനാനന്ദിനി പത്രവും സുജനാനന്ദിനി ഉപ പത്രവുംനമ്മുടെ ‘ സാംസ്കാരിക ചരിത്രത്തിലെ രണ്ടു താഴികക്കുടങ്ങളാണ്.സുജനാനന്ദിനി ഉപപത്രത്തിൽ സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയും മൂലൂർ എസ്.പത്മനാഭപ്പണിക്കരും തമ്മിലുണ്ടായ പണിക്കർ – പണിക്കൻ വാദം അക്കാലത്തെ സഹൃദയന്മാരെ ഏറ്റവും മധികം രസിപ്പിച്ച ഒരു വാദപ്രതിവാദമായിരുന്നു. 1905-ൽഹരിപ്പാട്ടു സ്കൂളിലെ സ്കൂൾ പ്രവേശനത്തെച്ചൊല്ലിയുണ്ടായ നായരീഴവ ലഹള തിരുവിതാംകൂറിലാകെ പടർന്നു പിടിച്ചു.സുജനാനന്ദിനിയുടെ നിശിതവിമർശനങ്ങൾ ലഹളക്കാരെ രോഷാകുലരാക്കി ഒരു അർദ്ധരാത്രിയിൽ പരവൂരിൽലുള്ള കേശവനാശാൻ്റെ കേരള ഭൂക്ഷണംപ്രസ്സും സുജനാനന്ദിനി പത്രമാഫീസും ഏതോ കുബുദ്ധികൾ തീവെച്ചു.അതോടു കൂടി പത്രം നിലച്ചുപോയി. ഈ തീവെയ്പിനെ മനസ്സിൽ സൂക്ഷിച്ചു കൊണ്ടാണ് മഹാകവി കുമാരനാശാൻ ഉദ്ബോധനം എന്ന സ്വാതന്ത്ര്യ ഗീതം രചിച്ചത്. പ്രശസ്തനായ വൈദ്യൻ എന്ന നിലയിൽ കേശവനാശാൻ വിഖ്യാതനായിരുന്നു 1897-ൽ തിരുവിതാംകൂർ സർക്കാർകേശവനാശാനെ പരവൂരിലെ സർക്കാർ വൈദ്യനായി നിയമിച്ചു. “ആരോഗ്യ സന്ദായിനി ”എന്നായിരുന്നു വൈദ്യശാലയുടെ പേര്.ശസ്ത്രക്രിയയിലും ഗജ ചികിത്സയിലും ആശാൻ നിപുണനായിരുന്നു.പ്രശസ്തനായ അദ്ദേഹത്തിൻ്റെ ചികിത്സാ സാമർത്ഥ്യത്തെ ഡോ. പി. ഈ .പുന്നൻ തുടങ്ങിയ ഭിക്ഷഗ്വരന്മാർ അഭിനന്ദിച്ചിരുന്നു. “പാതാള രാവണവധം ആട്ടക്കഥ “, ”കല്യാണസൗഗന്ധികം അമ്മാനപ്പാട്ട് “, ”പതിവ്രതാധർമ്മം കിളിപ്പാട്ട് “, ”ഭജന കീർത്തനം “മാധവനിദാനത്തിന് സാരചന്ദ്രിക “എന്ന പേരിൽ വ്യാഖ്യാനം, “വൈദ്യ സംഗ്രഹം ” (വ്യാഖ്യാന സഹിതം ) എന്നിവ ആശാൻ്റെ രചനകളാണ്. 1911 ൽ പരവൂരിൽ നിന്ന് കേശവനാശാൻ പാരിപ്പള്ളിയക്ക് സമീപം ഉള്ള കരിമ്പാലൂർ എന്ന ഗ്രാമത്തിലേക്ക് താമസം മാറ്റി.1913-ൽ ശ്രീമൂലം പ്രജാസഭയിൽ അംഗമായി. 22.02.1913-ൽ Session 9ൽ അംഗമായ കേശവനാശാൻ തിരുവിതാംകൂർ സർവ്വസിലെ വിവിധവകുപ്പിലെ യോഗ്യരായ ഈഴവസമുദായത്തിൻ്റെ സർക്കാർ ഉദ്യോഗം, ദായക്രമം, ആവശ്യങ്ങളെ സംബന്ധിച്ചും.20. 2.1913-ൽ തിരുവനന്തപുരംസംസ്കൃത പാഠശാലയിലും ആയൂർവേദപാഠശാലയിലും ഈഴവക്ക് പ്രവേശനംനൽകുന്നത് സംബന്ധിച്ചും രണ്ട് സബ്മിഷൻ അവതരിപ്പിച്ചു. പ്രജാസഭയിൽ ഇതിനുവേണ്ടി വാദിച്ചു. 1878.ൽ കിളികൊല്ലൂർ കാമനാട്ട് ശ്രീമതി കുഞ്ഞുകുഞ്ഞമ്മയെ വിവാഹം കഴിച്ചു. അവർ1882–ൽ അകാല നിര്യാണം പ്രാപിച്ചു. ഇവരുടെ ഏക പുത്രനാണ് ഡോ.കെ.കൃഷ്ണൻ വൈദ്യൻ .1884ൽ പരവൂർ കുന്നത്തു കുഞ്ഞു കുഞ്ഞമ്മയെ ആശാൻ വിവാഹം ചെയ്തു ഇതിൽ ഒരു മകളും ഒരു മകനും ജനിച്ചു. 1890-ൽ ഭാര്യയുടെ നിര്യാണത്തെ തുടർന്ന് 1891-ൽപരവൂർകാർത്തിക്കഴികത്തു നീലകണ്ഠൻ കുത്തകക്കാരൻ്റെ പുത്രിയായഅമ്മ കുഞ്ഞമ്മയെവിവാഹംചെയ്തു ഇവർക്ക് ആറു മക്കൾ.കേശവനാശാൻ്റെപുത്രിഭാർഗ്ഗവിഅമ്മയെ റിട്ടയാർഡ് ഹൈക്കോർട്ട് ജഡ്ജി എൻ.കുമാരൻ (1881-1964 ) വിവാഹം കഴിച്ചു. ആശാൻ്റെ ഒരു പുത്രനാണ് തിരുവിതാംകൂർ ഹൈക്കോർട്ടു വക്കിൽ തിരുവനന്തപുരത്ത് താമസിച്ചിരുന്ന അഡ്വ. പി.കെ ദാമോദരൻ. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവ് തിരു മനസ്സിൻ്റെതിരുഅവതാരസ്മാരകമായി ” രാജകുമാരസംഭവം” എന്ന പേരിൽ ഒരു മഹാകാവ്യ നിർമ്മാണത്തിൽ ഇരിക്കെ 1917 ജനുവരി 10-ാം തീയതി കേശവനാശാൻ അന്തരിച്ചു. ജീവിച്ചിരുന്നുവെങ്കിൽ ആ മഹാകാവ്യം നമുക്കു പുർത്തിയായി കിട്ടുമായിരുന്നു.1917-ൽ പത്രാധിപർ ടി.കെ നാരായണൻ,പരവൂർവി.കേശവനാശാൻ്റെജീവ ചരിത്രംഎഴുതിപ്രസിദ്ധികരിച്ചു.അക്ഷരങ്ങളിൽ അവകാശ സമരത്തിൻ്റെ അഗ്നിനിറച്ച പരവൂർ വി.കേശവനാശാൻ ഓർമ്മയായിട്ട് ഇന്ന് 107 വർഷം പിന്നിടുന്നു കേശവനാശാനെന്ന സാമൂഹിക പരിഷ്കർത്താവിനു വേണ്ടത്ര ആദരവ് കേരളസമൂഹം നൽകിയിട്ടില്ല……

Leave a Reply

Your email address will not be published. Required fields are marked *