ഇന്ത്യ -ബംഗ്ലാദേശ് മഴകളിക്കുന്നു ;മത്സരം നിർത്തിവച്ചു, മഴ നിയമപ്രകാരമാണ് വിജയിയെ തീരുമാനിക്കുന്നതെങ്കിൽ ബംഗ്ലാദേശ് വിജയിക്കും1 min read

2/11/22

അഡ്ലൈഡ് :ഇന്ത്യ -ബംഗ്ലാദേശ് മത്സരം മഴകാരണം നിർത്തിവച്ചു.7ഓവർ പിന്നിട്ട കളിയിൽ മഴ നിയമപ്രകാരം വിധി തീരുമാനിച്ചാൽ ബംഗ്ലാദേശ് വിജയിക്കും.മഴ നിയമ പ്രകാരം 7ഓവരിൽ വിജയിക്കാൻ 49റൺസ് വേണ്ടയിടത്ത് ബംഗ്ലാദേശിന് 66റൺസ് ഉണ്ട്.ഇന്ത്യ പരാജയപ്പെട്ടാൽ സെമി സാധ്യതക്ക് മങ്ങൽ ഏൽക്കും.

59 റണ്‍സുമായി ലിറ്റണ്‍ ദാസും 7 റണ്‍സുമായി നജ്മുലുമാണ് ക്രീസില്‍. ഇന്ത്യക്കെതിരെ ബംഗ്ലാദേശ് തുടക്കമാണ് നേടിയത്. ലിറ്റണ്‍ ദാസാണ് ബംഗ്ലാദേശിന് വെടിക്കട്ട് തുടക്കം സമ്മാനിച്ചത്. ലിറ്റണ്‍ അര്‍ധസെഞ്ച്വറി നേടി.

അതേസമയം, ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സെടുത്തു. മത്സരത്തിന്റെ തുടക്കത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോര്‍ ഉയര്‍ന്നു. വിമര്‍ശകരുടെ വായ അടപ്പിച്ച്‌ രാഹുല്‍ അര്‍ധസെഞ്ച്വറിയും നേടി. 32 പന്തില്‍ രാഹുല്‍ 52 റണ്‍സാണ് നേടിയത്.

ഇന്ത്യയുടെ സ്‌കോര്‍ 78 എത്തിനില്‍ക്കെ രാഹുല്‍ പുറത്തായെങ്കിലും പിന്നീടെത്തിയ സൂര്യകുമാര്‍ യാദവും കോഹ്‌ലിയും ചേര്‍ന്ന് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു. 30 റണ്‍സെടുത്ത് സൂര്യകുമാര്‍ പുറത്തായെങ്കിലും ഒരറ്റത്ത് നിന്ന് കോഹ്‌ലി ഉയര്‍ത്തി. ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോറിലേക്ക് എത്തുന്നതിന് തിരിച്ചടിയായി.

അവസാന ഓവറുകളില്‍ ആര്‍.അശ്വിനും കോഹ്‌ലിയും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 184 എത്തുകയായിരുന്നു. കോഹ്‌ലി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അസന്‍ മഹ്മൂദ് മൂന്നും ഷക്കീബ് അല്‍ഹസന്‍ രണ്ടു വിക്കറ്റും നേടി.

ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. ദീപക്ക് ഹൂഡയക്ക് പകരം അക്ഷര്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശും ഒരു മാറ്റവുമായിട്ടാണ് ഇന്ത്യയെ നേരിടുന്നത്. സൗമ്യ സര്‍ക്കാരിന് പകരം ഷൊരിഫുല്‍ ഇസ്ലാം ടീമില്‍ ഇടംപിടിച്ചു. ബംഗ്ലാദേശിനെതിരെയും സിംബാബ്വേയ്ക്കുമെതിരായ മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണായകമാണ്.

മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാല്‍ ഇരുടീമുകള്‍ക്കും അഞ്ചു പോയിന്റ് വീതമാവും. നിലവില്‍ ഗ്രൂപ്പില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുടമക്കം നാലു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.

അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നില്‍. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പില്‍ മൂന്നാംസ്ഥാനത്തുമുണ്ട്. രണ്ട് കളി ജയിച്ച ബംഗ്ലാദേശ് റണ്‍ നിരക്കിലാണ് ഇന്ത്യക്കുപിന്നിലായത്.

Leave a Reply

Your email address will not be published. Required fields are marked *