കലാമാമാങ്കത്തിന് ആവേശോജ്ജ്വല തുടക്കം,ആദ്യദിനം 58 മല്‍സരങ്ങള്‍1 min read

തിരുവനന്തപുരം:തലസ്ഥാനനഗരിയെയാകെ ഉത്സവലഹരിയിലാക്കി 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. ആദ്യദിനം 24 വേദികളിലായി 58 ഇനങ്ങളാണ് പൂര്‍ത്തിയാകുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 23 ഇനങ്ങളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 22 ഇനങ്ങളും നടന്നു. സംസ്‌കൃതം കലോത്സവത്തില്‍ 7 ഇനങ്ങളും അറബിക് കലോത്സവത്തില്‍ 6 ഇനങ്ങളും പൂര്‍ത്തിയാകുന്നു. 14 ജില്ലകളില്‍ നിന്നുള്ള ഷെഡ്യൂള്‍ഡ് മത്സര ഇനങ്ങളെ കൂടാതെ കോടതി വഴി 42 ഇനങ്ങളും (ഹൈക്കോടതി -23, മുന്‍സിഫ് കോടതി -5, ജില്ലാ കോടതി -6, ലോകായുക്ത -8) ഡെപ്യൂട്ടി ഡയറക്ടേഴ്‌സ് മുഖാന്തരം 146, ബാലാവകാശ കമ്മീഷന്‍ വഴി വന്ന ഒരിനവും അടക്കം 189 ഇനങ്ങള്‍ അധികമായി മേളയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിതഗാനം, ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ കഥകളി, ലളിതഗാനം എന്നീ മല്‍സരങ്ങളും ഹയര്‍ സെക്കണ്ടറി പെണ്‍കുട്ടികളുടെ സംഘനൃത്തം, ഭരതനാട്യം മല്‍സരങ്ങളും ഇന്ന് നടന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ ഒപ്പന, സംഘഗാനം, ദേശഭക്തിഗാനം, കഥകളി ഗ്രൂപ്പ്, പഞ്ചവാദ്യം, അറബന മുട്ട്, ഉറുദു ഗസല്‍ ആലാപനം മല്‍സരങ്ങളും അരങ്ങേറി. ഹൈസ്‌കൂള്‍ വിഭാഗത്തിലെ മാര്‍ഗംകളി, സംസ്‌കൃത നാടകം, അറബനമുട്ട്, ചാക്യാര്‍ കൂത്ത്, നങ്ങ്യാര്‍ കൂത്ത്, നാദസ്വരം, പഞ്ചവാദ്യം മല്‍സരങ്ങള്‍ നടന്നു.

അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഖുര്‍ ആന്‍ പാരായണം, മുശാറ, സംഭാഷണം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു. സംസ്‌കൃത കലോത്സവത്തില്‍ ഹൈസ്കൂൾ വിഭാഗത്തില്‍ അഷ്ടപദി, പദ്യംചൊല്ലല്‍, സമസ്യാപൂരണം, പ്രശ്‌നോത്തരി ഇനങ്ങളില്‍ മല്‍സരങ്ങള്‍ നടന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ കാര്‍ട്ടൂണ്‍, കൊളാഷ്, മലയാളം കഥാരചന തുടങ്ങിയ മല്‍സരങ്ങളും നടന്നു.

വേദികളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്നതിനായി 70 ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ പത്ത് ബസുകളും അറുപത് സ്‌കൂള്‍ ബസുകളുമാണ് സജ്ജമാക്കിയത്. ഏഴ് ക്ലസ്റ്ററുകളിലായി 25 വേദികളിലേക്കും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയൂണിന്റെ സമയത്ത് എല്ലാ ബസുകളും പുത്തരിക്കണ്ടത്തേക്കാണ് സര്‍വീസ് നടത്തുന്നത്. വിവിധ ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെത്തുന്ന വിദ്യാര്‍ഥികളെ താമസ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ജില്ലകളില്‍ നിന്നും എത്തിയ ആയിരത്തിലധികം വിദ്യാര്‍ഥികള്‍ക്ക് 27 ഇടങ്ങളില്‍ താമസ സൗകര്യം ഒരുക്കി. കിഴക്കേ കോട്ടയില്‍ ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം വരുംദിവസങ്ങളിലും തുടരുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.

ആദ്യദിനം പുത്തരിക്കണ്ടത്തെ ഭക്ഷണ പന്തലില്‍ രാവിലെയും ഉച്ചയ്ക്കുമായി ഇരുപത്തി നാലായിരത്തിലധികം പേര്‍ ഭക്ഷണം കഴിച്ചു. പ്രഭാത ഭക്ഷണമായി പുട്ടും കടലയും ഉച്ചയ്ക്ക് പാലട പ്രഥമന്‍ ഉള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ സദ്യയും പുത്തരിക്കണ്ടത്ത് ഒരുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *