തിരുവനന്തപുരം ജില്ലാതല കേരളോത്സവത്തിന് ഇന്ന് തുടക്കം1 min read

തിരുവനന്തപുരം :ജില്ലാ പഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് ഇന്ന്  തുടക്കം. പോത്തന്‍കോട് ബ്ലോക്കിലെ അഴൂര്‍ ഗ്രാമപഞ്ചായത്ത് കേന്ദ്രമാക്കി ജില്ലയിലെ വിവിധ വേദികളില്‍ നവംബര്‍ 26 വരെയാണ് കേരളോത്സവം നടക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് (നവംബർ-23) രാവിലെ എട്ടിന് സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനും പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം. ജലീല്‍, പെരുങ്ങുഴി ഗവണ്‍മെന്റ് എല്‍. പി. സ്‌കൂളില്‍ പതാക ഉയര്‍ത്തും. കായിക മത്സരങ്ങളുടെ ഫ്‌ളാഗ് ഓഫ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ രാവിലെ എട്ടിന് കാര്യവട്ടം എല്‍.എന്‍.സി.പി ഗ്രൗണ്ടില്‍ നിര്‍വഹിക്കും.

25ന് തുടങ്ങുന്ന കലാമത്സരങ്ങള്‍ അഴൂര്‍ പെരുങ്ങുഴി ഗവണ്‍മെന്റ് എല്‍.പി.എസില്‍ രാവിലെ എട്ടിന് വി.ശശി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വി. ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ അത്‌ലറ്റിക് മത്സരങ്ങള്‍ എല്‍.എന്‍.സി.പി ഗ്രൗണ്ടിലും നീന്തല്‍ മത്സരങ്ങള്‍ പിരപ്പന്‍കോട് ഡോ. ബി.ആര്‍. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ -സ്വിമ്മിംഗ് പൂളിലും ഫുട്‌ബോള്‍ മത്സരങ്ങള്‍ കണിയാപുരം മുസ്ലീം ഹൈസ്‌കൂളിലും നാളത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ മുസ്ലീം ഹൈസ്‌കൂളിലും, വടം വലി മത്സരം അഴൂര്‍ ഗവ. എച്ച്.എസ്.എസിലും 25-ാം തീയതിയിലെ ഗെയിംസ് മത്സരങ്ങള്‍ എല്‍.എന്‍.സി.പി ഗ്രൗണ്ടിലും കബഡി മത്സരങ്ങള്‍ കണിയാപുരം മുസ്ലിം ഹൈസ്‌കൂളിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. അഴൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, അഴൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, അഴൂര്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലാണ് കലാമത്സരങ്ങള്‍ നടക്കുന്നത്.

ഏകദേശം നാലായിരത്തോളം വരുന്ന കലാകായിക താരങ്ങള്‍ക്കും ഓഫിഷ്യല്‍സിനും വോളന്റിയേഴ്‌സിനും ലഘുഭക്ഷണവും ഉച്ചഭക്ഷണവും കേരളോത്സവം നടക്കുന്ന വേദികളില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂള്‍ കോളേജ് തലങ്ങളില്‍ തങ്ങളുടെ കലാ-കായിക പ്രതിഭ പ്രദര്‍ശിപ്പിക്കുവാന്‍ അവസരം ലഭിക്കാത്ത ആയിരക്കണക്കിന് യുവതീ യുവാക്കള്‍ക്ക് തങ്ങളുടെ സര്‍ഗ്ഗശേഷിയും കായിക പ്രതിഭയും പ്രദര്‍ശിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് കേരളോത്സവത്തിലൂടെ ലഭ്യമാകുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗ്രാമ പ്രദേശങ്ങളിലേക്കാണ് കേരളോത്സവത്തിന്റെ വേദികള്‍ മാറ്റിയിട്ടുള്ളത്. അതുവഴി ഗ്രാമവാസികളായവര്‍ക്ക് ഈ കലാ പരിപാടികള്‍ നേരിട്ട് കണ്ട് ആസ്വദിക്കുവാനും പങ്കെടുക്കുവാനുമുള്ള അവസരം ലഭ്യമാക്കുവാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളോത്സവത്തിന്റെ സമാപന സമ്മേളനം 26ന് അഴൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ വൈകുന്നേരം അഞ്ചിന് രാജ്യസഭാംഗം എ.എ. റഹീം ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികള്‍, കലാ – സാംസ്‌കാരിക – രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ എന്നിവരും സംബന്ധിക്കും. സമാപനത്തോടനുബന്ധിച്ച് പോത്തന്‍കോട് ബ്ലോക്കിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍, കലാകാരന്മാര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം. ജലീല്‍, വിളപ്പില്‍ രാധാകൃഷ്ണന്‍, എസ്. സുനിത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഷാജി ബോണ്‍സലെ, യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ചന്ദ്രികാദേവി ആര്‍.എസ്, ഫിനാന്‍സ് ഓഫീസര്‍ അനില്‍കുമാര്‍ ടി, ആര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ പുലിയൂര്‍ ജയകുമാര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *