24/4/23
തിരുവനന്തപുരം :എഐ ക്യാമറ ഇടപാടില്‍ നടന്നത് വന്‍ കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മന്ത്രിമാര്‍ക്ക് പോലും കരാര്‍ കമ്പനികളെ കുറിച്ച് അറിയില്ലെന്നും കെ ഫോണിന് പിന്നിലുള്ളവരാണ് ഇതും നിയന്ത്രിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
‘നികുതിക്കൊള്ള കാരണം വീര്‍പ്പുമുട്ടിയിരിക്കുന്ന സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന മറ്റൊരു കൊള്ളയാണ് എഐ ക്യാമറ ഇടപാടിലൂടെ വന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ചെന്നിത്തല ഉന്നയിച്ച കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. കെല്‍ട്രോണിന്റേത് പോലും വളരെ അവ്യക്തമായ മറുപടിയാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു മന്ത്രിസഭയില്‍ വച്ച കാബിനറ്റ് നോട്ടില്‍ ഒരുപാട് കാര്യങ്ങള്‍ പറയുന്നുണ്ടെങ്കിലും കരാറും ഉപകരാറും കൊടുത്തിട്ടുള്ള കമ്പനിക ളെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വച്ചിരിക്കുകയാണ്. മന്ത്രിമാര്‍ക്ക് പോലും ഇതറിയാന്‍ വഴിയില്ല. കെല്‍ട്രോണ്‍ നേരിട്ടാണ് പദ്ധതി നടത്തിയത്. എസ്‌ആര്‍ഐടി കമ്പനിക്ക് ഒരു മുന്‍പരിചയവുമില്ല. ഇവര്‍ പവര്‍ ബ്രോക്കേര്‍സാണ്. ഇടനിലക്കാരാണ്.’- സതീശന്‍ ആരോപിച്ചു.
‘ഇതുപോലെ പദ്ധതിക്ക് പ്രീ ക്വാളിഫിക്കേഷന്‍ മാനദണ്ഡം വ്യക്തമാക്കേണ്ടതായിരുന്നു. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളേതൊക്കെയാണ്? എസ്‌ആര്‍ഐടി കരാര്‍ കിട്ടിയ ശേഷം കണ്‍സോര്‍ഷ്യം ഉണ്ടാക്കി ഉപകരാര്‍ കൊടുത്തു. ഇവര്‍ക്ക് ഊരാളുങ്കലുമായി ബന്ധമുണ്ട്. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള കറക്ക് കമ്പനിയാണ്. എല്ലാം ഒരൊറ്റ പെട്ടിയിലേക്കാണ് വന്നു ചേരുന്നത്. സര്‍ക്കാര്‍ ടെണ്ടര്‍ നടപടികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടു. കമ്ബനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോന്നായി പുറത്തുവിടും. ഒൻപത് ലക്ഷം രൂപ പോയിട്ട്, അതിന്റെ പത്തിലൊന്ന് പോലും ക്യാമറയ്ക്ക് വിലയില്ല. അന്താരാഷ്ട്ര ബ്രാന്റ് ക്യാമറകള്‍ കിട്ടുമ്പോൾ എന്തിനാണ് ഇതിന്റെ ഘടകങ്ങള്‍ വാങ്ങി അസംബിള്‍ ചെയ്തത്? 232 കോടിയുടെ പദ്ധതിയില്‍ 70 കോടി മാത്രമാണ് ക്യാമറയ്ക്ക് ചെലവ്. ക്യാമറ വാങ്ങിയാല്‍ അഞ്ച് വര്‍ഷത്തേക്ക് വാറന്റി കിട്ടും. എന്നാല്‍ ഇവിടെ അഞ്ച് വര്‍ഷത്തേക്ക് 66 കോടി രൂപ മെയിന്റനന്‍സിന് വേണ്ടി മാറ്റിവച്ചിരിക്കുകയാണ്. പൂര്‍ണമായി വാങ്ങാവുന്ന ക്യാമറ കെല്‍ട്രോണ്‍ പാര്‍ട്സായി വാങ്ങിയത് എന്തിനെന്ന് വ്യക്തമാക്കണം.’- വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
ആയിരം കോടി രൂപ വര്‍ഷം ജനങ്ങളില്‍ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സര്‍ക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.