ഏഷ്യാനെറ്റ്‌ ഓഫീസിലെ SFI അതിക്രമം ;കടുത്ത പ്രതിഷേധവുമായി മാധ്യമ ലോകം ,KUWJ, പത്രപ്രവർത്തക അസോസിയേഷൻ അപലപിച്ചു, അസഹിഷ്ണുതയാണ് അക്രമണത്തിന് പിന്നിലെന്ന് വി ഡി സതീശൻ, പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് ഇ. പി. ജയരാജൻ1 min read

4/3/23

തിരുവനന്തപുരം :ഏഷ്യാനെറ്റ്‌ കൊച്ചി ഓഫീസിൽ ഉണ്ടായ അതിക്രമത്തിൽ പ്രതിഷേധം ശക്തം. അസഹിഷ്ണുതയാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതികരിച്ചു.സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറാകണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ഉന്നതഗൂഢാലോചനയുടെ ഭാഗമാണ് അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. തിരുവനന്തപുരം പ്രസ് ക്ലബും കെയുഡബ്ല്യുജെജില്ലാകമ്മിറ്റിയും അടക്കം വിവിധ മാധ്യമ കൂട്ടായമകളും സംഘടനകളും ഇന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഇന്നലെ രാത്രി എഴരയോടെയാണ്  ഏഷ്യാനെറ്റ്‌ ഓഫീസിൽ കടന്നുള്ള അതിക്രമം നടന്നത്. മുപ്പത്തോളം വരുന്ന എസ്‌എഫ്‌ഐ സംഘം സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചിയിലെ റീജിയണല്‍ ഓഫീസിലെത്തി പ്രവര്‍ത്തനം തടസ്സപ്പെടുത്തി.മീഡിയ റൂമിൽ പോലും കടന്ന് കയറിയ അതിക്രമവാര്‍ത്ത പുറത്തെത്തിയതോടെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നത് വലിയ പ്രതിഷേധം. ജനാധിപത്യത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറകണമെന്നും പ്രസ് ക്ലബ് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. എസ്‌എഫ്‌ഐ നടത്തിയത് കേട്ടുകേള്‍വിയില്ലാത്ത അതിക്രമമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ഭീഷണിയുടെ സ്വരവുമായി മാധ്യമ ഓഫീസില്‍ അതിക്രമിച്ചു കടന്നത് ഫാഷിസം ആണെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

അതിക്രമം മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. സംഭവം എസ്‌എഫ്‌ഐ എന്ന സംഘടനയുടെ ചരിത്രത്തിലെ കരിനിഴലെന്ന് സിഎംപി നേതാവ് സിപി ജോണ്‍ പ്രതികരിച്ചു. മാധ്യമങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും സ്തുതിപാഠകരാകണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ ഇത് കിം ജോംഗ് ഉന്നിന്റെ കൊറിയയല്ലെന്ന് മനസിലാക്കണം വീക്ഷണം മാനേജിംഗ് ഡയറക്ടര്‍ ജെയ്സണ്‍ ജോസഫ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നേരെ നടന്നത് കേരളം പോലെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്‍കുന്ന ഒരു നാടിന് അംഗീകരിക്കാന്‍ കഴിയാത്ത് നീക്കമെന്നും, ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെട്ടു.

സംഘടനകളുടെ മറപിടിച്ച്‌ ക്രിമിനലുകളെ വളരാന്‍ അനുവദിക്കരുതെന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിണമെന്നും തിരുവനന്തപുരം പ്രസ് ക്ലബും ഇന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച്‌ സംഘടിപ്പിക്കും. സംസ്ഥാന വ്യപകമായി വിവിധ മാധ്യമക്കൂട്ടായ്മകളും പ്രതിഷേധത്തിനൊരുങ്ങുന്നു.

‘യഥാ രാജ തഥാ പ്രജ ‘എന്ന അവസ്ഥയാണ് കേരളത്തിലെന്ന് ഉമ തോമസ് എം. എൽ. എ പ്രതികരിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.

അതേസമയം ആക്രമണം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പരിശോധിച്ച ശേഷം മറുപടി പറയാമെന്നും, മാധ്യമ സ്വാതന്ത്ര്യം തടയുന്ന നിലപാട് സിപിഎമ്മിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *