ഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അധിക രേഖകള്‍ സമര്‍പ്പിച്ചു.
നിഷാം സ്ഥിരം കുറ്റവാളിയാണെന്നും മുൻകാല ക്രിമിനല്‍ പശ്ചാത്തലമുണ്ടായിരുന്ന വ്യക്തിയാണെന്നും രേഖകളില്‍ വ്യക്തമാക്കുന്നുണ്ട് . നിഷാമിനെതിരായ പതിനേഴ് കേസുകളുടെ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
സ്റ്റാൻഡിംഗ് കൗണ്‍സല്‍ നിഷേ രാജൻ ഷൊങ്കറാണ് അധിക രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള കാപ്പ ലിസ്റ്റില്‍ മുഹമ്മദ് നിഷാമിനെ ഉള്‍പ്പെടുത്തിയതിന്റെ വിവരങ്ങളും ഇപ്പോള്‍ സമര്‍പ്പിച്ച അധിക രേഖകളിൽ ഉൾപ്പെട്ടിട്ടുണ്ട് . നിഷാമിന് വധശിക്ഷ നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി കോടതി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നതാണ്.
നേരത്തെ ജീവപര്യന്തം തടവിനെതിരെ മുഹമ്മദ് നിഷാം സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും എതിര് കക്ഷികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ച ശിക്ഷാ വിധി റദ്ദാക്കണമെന്നായിരുന്നു മുഹമ്മദ് നിഷാമിന്റെ ഹര്‍ജിയിലെ ആവശ്യമായി കാണിച്ചിരുന്നത്. ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ ജാമ്യം നല്‍കണമെന്ന ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നല്കിയ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനം സുപ്രീം കോടതിയില്‍ ഇതിന് പിന്നാലെ ഹര്‍ജി നല്കി.