ആലപ്പുഴ:കോടതി സ്റ്റേ ഉത്തരവ്നിലനിൽക്കേ വീട്ടിൽ ആളില്ലാത്ത നേരത്ത് പഞ്ചായത്ത് സെക്രട്ടറിയും, സംഘവും അതിക്രമിച്ചു കയറി വൃക്ഷങ്ങൾ വെട്ടി നശിപ്പിച്ചതായി പരാതി.
ജില്ലയിൽ കാർത്തികപ്പളളി താലൂക്കിൽ മുതുകുളം പഞ്ചായത്തിൽ ഒന്നാം വാർഡ് പരിധിയിൽ രജിത,പുതിയവിട്, ചൂളത്തെരുവിന്റെ പേരിലുള്ള വസ്തുവിന്റെ തെക്കേ അതർത്തിയിലുളള 60 വർഷം കാലപ്പഴക്കമുള്ള പുളിമാവ്, മഹാഗണി തുടങ്ങിയ വൃക്ഷങ്ങൾ ഹരിപ്പാട് മുൻസിഫ് കോടതിയുടെ സ്റ്റേ ഉത്തരവ് ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിയും സംഘവും അതിക്രമിച്ച് കയറി മുറിച്ച് മാറ്റിയത്.ഈ സംഭവത്തിൽ 5 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായ് കാണിച്ച് രജിത മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി.
ഇവിടെ സ്ഥിര താമസമാക്കിയ രജിതയുടെ പേരിലുള്ള വസ്തുവിന്റെ തെക്കേ അതിർത്തി കാലങ്ങളായി നീരൊഴുക്ക് തോടായിരുന്നു. ആ പ്രദേശത്തെ വെള്ളക്കെട്ട് മുഴുവനും ഒഴിവാകുന്നത് ഈ തോട്ടിലൂടെയായിരുന്നു. എന്നാൽ റിയലെസ്റ്റേറ്റ് ലോബികളുടെ സമ്മർദ്ദത്തിന് വഴങ്ങി തോട് നികത്തി റോഡ് നിർമ്മിക്കുന്നതിന് പഞ്ചായത്ത് അനുമതി നൽകുകയും റോഡിന് വീതി കൂട്ടാൻ എന്ന പേരിൽ ഇവരുടെ വസ്തുവിന്റെ അതിർത്തിയിലുള്ള വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ രജിത ഹരിപ്പാട് മുനിസിഫ് കോടതിയെ സമീപിക്കുകയും സ്യൂട്ട് നം. 278/17 പ്രകാരം മുനിസിഫ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ കമ്മീഷനെ വെക്കുകയും കേസ് തീരുന്നത് വരെ മുതുകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി യാതൊരുവിധ നടപടികൾ എടുക്കുകയോ വസ്തുവിൽ കയറുകയോ ചെയ്യെരുതെന്നുള്ള സ്റ്റേ ഉത്തരവ്കോടതി പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട് . ഈ സ്റ്റേ ഉത്തരവ് നിലനിൽക്കെ 22.10.2024 തീയതി വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് പഞ്ചായത്ത് സെക്രട്ടറി അനിൽകുമാറും ഒരു സംഘം ആളുകളും വസ്തുവിൽ അതിക്രമിച്ച് കയറി അൻപതും ഇരുപതും വർഷം പഴക്കമുള്ള വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുകയും മറ്റ് വൃക്ഷങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു എന്നതാണ് പരാതി.
നിലവിൽ പഞ്ചായത്ത് സെക്രട്ടറി ഒന്നാം പ്രതിയായാണ് കേസ് നിലവിലുണ്ട് . ഈ സാഹചര്യത്തിൽ കോടതിവിധി മാനിക്കാതെ അതിക്രമിച്ച് കയറി വസ്തുവിനും, വൃക്ഷത്തിനും നാശനഷ്ടം വരുത്തിയ പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഇവർ മുഖ്യമന്ത്രിക്കും, തദ്ദേശ വകുപ്പ് മന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുള്ളത്.