തിരുവനന്തപുരം :ഡ്രൈവിംഗ് സ്കൂൾ മേഖലയെ തകർക്കാൻ മന്ത്രി ശ്രമിക്കുന്നതായി സംയുക്ത സമരസമിതി നേതാക്കൾ ആരോപിച്ചു. ലക്ഷകണക്കിന് സാധാരണക്കാരുടെ ആശ്രയവും, ഉപജീവന മാർഗവുമായ ഈ മേഖല മറ്റാർക്കോ അടിയറവ് വയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മന്ത്രിയുടെ പിടിവാശി എന്ന് നേതാക്കൾ പറഞ്ഞു.
‘ഗൾഫ് മോഡൽ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്ന മന്ത്രി ആദ്യം അതിനുള്ള സൗകര്യം ഒരുക്കണം, പരിമിതമായ ടെസ്റ്റ് ഗ്രൗണ്ട് മാത്രമേ സർക്കാരിന്റെ കൈവശമുള്ളൂ, അവിടെ പോലും മന്ത്രി പറയുന്ന സൗകര്യങ്ങൾ ഇല്ല, ഗ്രൗണ്ടുകളിൽ ഭൂരിഭാഗവും ഡ്രൈവിംഗ് സ്കൂൾ അധികൃതർ വാടകക്ക് എടുത്തവയാണ്. ഇവിടങ്ങളിൽ നിർമാണപ്രവർത്തനങ്ങൾ നടത്താൻ ഉടമകൾ സമ്മതിക്കില്ല. ഇത്തരം സാഹചര്യങ്ങൾ മന്ത്രി മനസിലാക്കുന്നില്ല.
‘മന്ത്രിക്ക് പിടിവാശിയാണ്, താൻ പറയുന്ന കാര്യങ്ങൾ എങ്ങനെയും നടപ്പാക്കുമെന്ന പിടിവാശി ആദ്യം മന്ത്രി ഉപേക്ഷിക്കണം, പരിഷ്കരണം അത്യാവശ്യമാണ്. പക്ഷെ അത് വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ തോന്നുമ്പോലെ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തുന്ന തുഗ്ലക്ക് ആയി മന്ത്രി അധഃപധിക്കരുതെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
സംയുക്ത സമരസമിതിയുടെ ആവശ്യങ്ങൾ
*ഡ്രൈവിംഗ് സ്കൂൾ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന 4/2024 സർക്കുലർ, 170/2024 Dated 04-05-2024 ഗോ പിൻവലിക്കുക..
*സംസ്ഥാനത്തെ 86 ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിലും സർക്കാർ സ്വന്തമായി ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് നിർമ്മിക്കുക.
*15 വർഷം കഴിഞ്ഞ ഫിറ്റ്നസ് ഉള്ള വാഹനങ്ങൾ ഡ്രൈവിംഗ് പരിശീലനത്തിന് അനുവദിക്കുക. ഡ്രൈവിംഗ് ടെസ്റ്റ് കളുടെ സ്ലോട്ടുകളുടെ എണ്ണം 40 ആയി വെട്ടിച്ചുരുക്കിയത് വർദ്ധിപ്പിക്കാൻ നടപടി ഉണ്ടാവുക.
*ഓരോ ഓഫീസുകളിലും ടെസ്റ്റുകളുടെ എണ്ണം ഉദ്യോഗസ്ഥരുടെ എണ്ണത്തിനനുസരിച്ച് വർദ്ധിപ്പിക്കണം.
*ഡ്രൈവിംഗ് ടെസ്റ്റ് സമയത്ത് ഡ്യുവൽ ക്ലച്ച് ആൻഡ് ബ്രേക്ക് ഒഴിവാക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കുക.
*ഓട്ടോറിക്ഷ പോലെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിനായി
*കൈകൊണ്ട് ഗിയർ മാറ്റാവുന്ന
സ്കൂട്ടറുകൾ പഠിക്കുന്നതിനും ടെസ്റ്റ് നടത്തുന്നതിനുള്ള അനുവാദം നൽകുക.
*രാജ്യത്ത് ഇന്ന് പുതുതായി ഇറങ്ങുന്ന ഇലക്ട്രിക്, ഓട്ടോമാറ്റിക് വാഹനങ്ങൾ പഠിക്കുവാനും അതിൽ ടെസ്റ്റുകൾ നടത്തുവാനും അനുവാദം നൽകുക.
*സ്വയം തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന ഡ്രൈവിംഗ് സ്കൂൾ മേഖലയെ സംരക്ഷിക്കുക.
മുകളിൽ പറഞ്ഞ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കഴിഞ്ഞ എട്ട് ദിവസമായി സംയുക്ത സമര സമിതി കേരളം മുഴുവൻ ഡ്രൈവിംഗ് ടെസ്റ്റ് ബഹിഷ്കരിച്ചുകൊണ്ട് സമരം നടത്തുകയാണ് ഇതിനെ പിന്തുണച്ചുകൊണ്ട് 2024 മെയ് മാസം പതിമൂന്നാം തീയതി തിങ്കളാഴ്ച രാവിലെ കേരളത്തിലെ മുഴുവൻ
ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരും സെക്രട്ടറിയേറ്റ് മാർച്ചും, ധർണയും നടത്താൻ തീരുമാനിച്ചിരിക്കുന്നതായി നേതാക്കൾ പറഞ്ഞു.