അനിൽ ആന്റണി ബഹുമുഖ പ്രതിഭയെന്ന് പീയുഷ് ഗോയൽ, തെറ്റായ തീരുമാനമെന്ന് എ. കെ. ആന്റണി1 min read

6/4/23

ഡൽഹി :ബി ജെ പിയുടെ സ്ഥാപക ദിനത്തിൽ ബിജെപി പാളയത്തിൽ എത്തിയഅനില്‍ ആന്റണി ബഹുമുഖ വ്യക്തിത്വമാണെന്ന് പീയുഷ് ഗോയല്‍. കേന്ദ്രമന്ത്രി വി മുരളീധരനും അനില്‍ ആന്റണിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. “രാജ്യത്തിനായി നിലപാടെടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ അപമാനിക്കപ്പെട്ടു. രാജ്യ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്നയാളാണ് അനില്‍ ആന്റണി”യെന്ന് വി മുരളീധരന്‍ പറഞ്ഞു. അനില്‍ ആന്റണി ബി ജെ പി നേതാക്കളുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്.

അംഗത്വമെടുത്തതിന് തൊട്ടുപിന്നാലെ അനില്‍ ആന്റണി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുടുംബത്തിന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ബി ജെ പി രാജ്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ‘അച്ഛനോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിലും മാറ്റമുണ്ടാകില്ല. സ്ഥാപക ദിനത്തില്‍ ബി ജെ പിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ട്.’- അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതല ബി ജെ പി അനില്‍ ആന്റണിക്ക് നല്‍കിയേക്കും. അനില്‍ ആന്റണി കെ സുരേന്ദ്രനൊപ്പമാണ് ബി ജെ പി ആസ്ഥാനത്തെത്തിയത്.

അതേസമയം മകന്റെ തീരുമാനം വേദനാജനകമാണെന്ന് എ കെ ആന്റണി പറഞ്ഞു. അനില്‍ ആന്റണി ബി ജെ പിയില്‍ ചേര്‍ന്നതിനെ കുറിച്ച്‌ ഇനി സംസാരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

രാജ്യത്തിന്റെ ആണിക്കല്ല് മതേതരത്വവും ബഹുസ്വരതയുമാണ്. ഇവ ദുര്‍ബലപ്പെടുത്തുന്നതാണ് ബിജെപി നയം. എല്ലാ രംഗത്തും ഏകത്വം നടപ്പാക്കാനുള്ള ശ്രമം നടപ്പാക്കുന്നു. സമുദായ സൗഹാര്‍ദ്ദം ശിഥിലമാകുന്നു. താന്‍ അവസാനശ്വാസം വരെയും ബിജെപിയ്ക്കും ആര്‍എസ്‌എസിനും എതിരെ ശബ്ദമുയര്‍ത്തുമെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ് കുടുബത്തോടുമുള്ള ആദരവ് എടുത്ത് പറഞ്ഞാണ് എ കെ ആന്റണി സംസാരിച്ചത്. സ്വാതന്ത്ര്യ സമരകാലം മുതല്‍ ജാതിയോ മതമോ ഭാഷയോ പ്രദേശമോ വര്‍ണമോ നോക്കാതെ എല്ലാ ഇന്ത്യക്കാരെയും ഒരുപോലെ കണ്ട കുടുംബമാണ് നെഹ്റു കുടുംബം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ഇന്നും വിട്ടുവീഴ്ചയില്ലാതെ ആ കുടുംബം പോരാടുന്നുവെന്നും ആന്റണി വ്യക്തമാക്കി.

തന്റെ ജീവിതത്തിന്റെ അവസാന നളുകളാണിത്. വയസ് 82 ആയി. എത്രകാലം ഇനി ജീവിച്ചിരിക്കുമെന്ന് അറിയില്ല. ദീര്‍ഘായുസില്‍ താല്‍പര്യമില്ല. എത്രകാലം ജീവിച്ചാലും താന്‍ മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുകാരനായിട്ടായിരിക്കും. അനിലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ താന്‍ ഇനി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കില്ലെന്നും ഇത് ആദ്യത്തേയും അവസാനത്തേയും വാര്‍ത്താ സമ്മേളനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബിജെപിയില്‍ ചേരാനുള്ള അനില്‍ ആന്റണിയുടെ തീരുമാനം അപക്വമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ബിജെപിയെ അറിയാവുന്ന ഒരാളും ബിജെപിയില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വത്തെ തകര്‍ക്കുകയും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ബിജെപിക്ക് എതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ട സമയമാണിത്. അനില്‍ ബിജെപിയില്‍ ചേരുന്നത് കൊണ്ട് കേരളത്തില്‍ ആ പാര്‍ട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാന്‍ കഴിയില്ല. കേരളത്തില്‍ ബിജെപിക്ക് വേരോട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് മോദി കരുതുന്നത്. ത്രിപുര കഴിഞ്ഞാല്‍ ഇനി കേരളമെന്ന് പറയുന്ന അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നത്. കേരളത്തെക്കുറിച്ച്‌ അറിയാത്തത് കൊണ്ടാണ് മോദി ഇക്കാര്യം ഉച്ചത്തില്‍ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അനിലിന്റെ തീരുമാനം അബദ്ധമായിരുന്നുവെന്ന് കാലം തെളിയിക്കും. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. വര്‍ധിച്ച ആവേശത്തോടെ കോണ്‍ഗ്രസ് മുന്നോട്ടുപോകും. ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നത് രാഹുല്‍ഗാന്ധിയാണ്. അനില്‍ ആന്റണി വീണിരിക്കുന്നത് രാഹുലിനെ ദുര്‍ബലപ്പെടുത്താനുള്ള ബിജെപിയുടെ കെണിയിലാണ്. അത് അദ്ദേഹത്തിന് പിന്നീട് ബോധ്യപ്പെടും. വ്യക്തിയെന്ന നിലയില്‍ അനില്‍ എടുത്ത തീരുമാനം ഒരിക്കലും ആന്റണിയെ ബാധിക്കില്ല. പതിറ്റാണ്ടുകളായി എ കെ ആന്റണിയെ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. ആദര്‍ശ ധീരതയോടെ കേരളത്തിലെ കോണ്‍ഗ്രസിന് നേതൃത്വം കൊടുത്തയാളാണ് എ കെ ആന്റണി. അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് ഇതിലൂടെ ഒരു മങ്ങലും ഏല്‍പ്പിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്നും ജനാധിപത്യവാദികളായ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇതെല്ലാം ബോധ്യപ്പെടുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *