20/6/23
കൊച്ചി :എ ഐ ക്യാമറ വിഷയത്തിൽ എല്ലാ വസ്തുതകളും പരിശോധിക്കണമെന്ന കോടതി വിധി സർക്കാരിനേറ്റ തിരിച്ചടിയല്ലെന്ന് മന്ത്രി ആന്റണി രാജു.ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയെന്നും പ്രതിപക്ഷത്തെ പ്രശംസിച്ചുകൊണ്ടുള്ള ഒരു ഉത്തരവും ഇറങ്ങിയിട്ടില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു കഴമ്പില്ലേന്ന് കോടതിയ്ക്ക് ബോദ്ധ്യപ്പെട്ടു. അതിനാലാണ് എ ഐ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളിയത്. ഹര്‍ജിക്കാരുടെ ആരോപണം വിശ്വസനീയമാണെന്ന് തോന്നിയിരുന്നെങ്കില്‍ ഇടക്കാല ഉത്തരവിലൂടെ പദ്ധതി നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുമായിരുന്നു. പ്രഥമദൃഷ്ടിയാ ഹര്‍ജിയില്‍ ഇടപെടേണ്ട യാതൊന്നും കോടതി കാണാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ഹര്‍ജി തള്ളിയതെന്നും മന്ത്രി പറഞ്ഞു.
ക്യാമറ ഇടപാടില്‍ അടിമുടി അഴിമതിയാണെന്നും പദ്ധതി സംബന്ധിച്ച് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ച കോടതി റോഡ് ക്യാമറ പദ്ധതിയിലെ മുഴുവൻ നടപടികളും പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.
ഖജനാവിന് നഷ്ടമോ അധിക ബാദ്ധ്യതയോ ഉണ്ടായോ എന്ന് കണ്ടെത്തണം. കോടതി ഉത്തരവ് നല്‍കുന്നതുവരെയോ മുൻകൂര്‍ അനുമതി നല്‍കുന്നതുവരെയോ ക്യാമറ പദ്ധതിയില്‍ പണം നല്‍കരുതെന്നും സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. പദ്ധതി രേഖകള്‍ പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് വി എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.