വയനാടൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സ്ത്രീ മുന്നേറ്റത്തിൻ്റെ കഥ പറയുകയാണ് അരിവാൾ എന്ന ചിത്രത്തിലൂടെ, പ്രശസ്ത നടനും, സംവിധായകനുമായ അനീഷ് പോൾ.എ.പി.സി. പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 22 ന് തീയേറ്ററിലെത്തും.
പഞ്ചാബി ഹൗസ്, തച്ചിലേടത്ത് ചുണ്ടൻ, രഥോൽസവം, ലേലം, പുതുക്കോട്ടയിലെ പുതുമണവാളൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷം അവതരിപ്പിച്ച അനീഷ് പോൾ, അരിവാൾ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും മാറ്റുരയ്ക്കുകയാണ്.പ്രശസ്ത തിരക്കഥാകൃത്ത് ഹരിപ്പാട് ഹരിലാൽ ആണ് രചയിതാവ് .
അതിജീവിതകൾ ഇനി ഉണ്ടാകാതിരിക്കട്ടെ എന്ന പ്രമേയത്തിൽ ചിത്രീകരിച്ച ഈ ചിത്രം, ആദിവാസി സമൂഹം നേരിടേണ്ടി വരുന്ന സംഘർഷങ്ങളുടേയും, പ്രതിഷേധങ്ങളുടേയും ഉറച്ച സ്വരമാണ് അവതരിപ്പിക്കുന്നത്. കഴുകൻ കണ്ണുകളുമായി നടക്കുന്നവർക്കെതിരെ ഒരു അമ്മയും മകളും എന്ന ഉള്ളടക്കത്തിൽ പുറത്തിറങ്ങുന്ന ചിത്രം, സാധാരണ കുടുംബങ്ങളുടെ അതിജീവന പോരാട്ടമാണ് തുറന്നിടുന്നത്.
ആദിവാസി ഗോത്രത്തിൽ നിന്ന്, ആദ്യമായി ഒരു പിന്നണി ഗായിക മലയാള സിനിമയിൽ ഈ ചിത്രത്തിലൂടെ എത്തപ്പെടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാനന്തവാടി ചൂണ്ടക്കുന്നിലെ, മണിയുടേയും രമ്യയുടേയും മകളായ രേണുകയാണ് ഈ ആദിവാസി ഗായിക. നേരമുദിച്ചു വഞ്ചോ വലിയെ മലെ മുകളു …. എന്ന് തുടങ്ങുന്ന രേണുകയുടെ ഗാനം ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു.
മലയാള സിനിമയിൽ ശക്തമായ ഒരു പ്രമേയവുമായി എത്തണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അതിന് കഴിഞ്ഞതിൽ സന്തോഷമുണ്ട്. സംവിധായകൻ അനീഷ് പോൾ പറയുന്നു.
എ.പി.സി.പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന അരിവാൾ അനീഷ് പോൾ സംവിധാനം ചെയ്യുന്നു. രചന – ഹരിപ്പാട് ഹരിലാൽ, ക്യാമറ – ഫൈസൽ റമീസ് ,എഡിറ്റിംഗ് -ടിനു തോമസ്, ഗാനരചന – ജയമോഹൻ കടുങ്ങല്ലൂർ,സംഗീതം – അജിത്ത്സുകുമാരൻ, പശ്ചാത്തല സംഗീതം – റുഡോൾഫ് വി.ജി,ആലാപനം – രേണുക വയനാട്,കല – പ്രഭ മണ്ണാർക്കാട്, കോസ്റ്റ്യൂം – പളനി, പ്രൊഡക്ഷൻ കൺട്രോളർ- ജോയി മേലൂർ, മേക്കപ്പ് – ആര്യനാട് മനു, ഷൈനി അശോക്, അസോസിയേറ്റ് ഡയറക്ടർ -സന്തോഷ്, മഹേഷ് കാരന്തൂർ ,പി.ആർ.ഒ- അയ്മനം സാജൻ
ഷൈജു ടി.ഹംസ, ജനകി സുധീർ, ശ്രീജ സംഘകേളി, പ്രദീപ് ശ്രീനിവാസൻ ,ബാബു ചെല്ലാനം, യൂനസ്, നവനീത്, അനീഷ് പോൾ, അനിത തങ്കച്ചൻ, ജോവിറ്റ ജൂലിയറ്റ്, സുമിത കാർത്തിക, ശ്രുതി, ജിത മത്തായി എന്നിവർ അഭിനയിക്കുന്നു.