വരയുടെ തമ്പുരാൻ വിട വാങ്ങി1 min read

7/7/23

മലപ്പുറം :ചിത്രകലയുടെ തമ്പുരാൻ ആർടിസ്റ്റ് നമ്പൂതിരി (98)വിടവാങ്ങി. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.രാവിലെ മുതല്‍ 12 മണി വരെ എടപ്പാള്‍ നടുവട്ടത്തെ വീട്ടിലും മൂന്ന് മണി വരെ തൃശൂര്‍ ലളിത കലാ അക്കാദമി ഹാളിലും പൊതു ദര്‍ശനം നടക്കും. ഇന്ന് അഞ്ചരയോടെ എടപ്പാളിലെ വീട്ടുവളപ്പിലായിരിക്കും സംസ്‌കാരം.

ദൃശ്യാനുഭവത്തിന്റെ പുതിയ തലത്തിലേക്ക് സാഹിത്യവായനയെ ഉയര്‍ത്തിയ നമ്പൂതിരി മലയാളത്തിലുണ്ടായ നിരവധി അതുല്യ സാഹിത്യ സൃഷ്ടികള്‍ക്കാണ് രേഖാ ചിത്രങ്ങള്‍ ഒരുക്കിയത്. തകഴി, എംടി, ഉറൂബ്, വികെഎൻ അടക്കമുള്ള നിരവധി മഹാപ്രതിഭകളുടെ സൃഷ്ടികള്‍ക്കായി ഒരുക്കിയ ചിത്രങ്ങളാണ് നമ്ബൂതിരിയെ ജനപ്രിയനാക്കിയത്. രേഖാചിത്രങ്ങളെന്ന ചിത്രരചനാ സമ്ബ്രദായത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ നമ്പൂതിരി ശില്‍പകലയിലും ചലച്ചിത്രകലയിലും സാഹിത്യത്തിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്.1925 സെപ്റ്റംബ‍ര്‍ 13ന് മലപ്പുറം ജില്ലയിലെ പൊന്നാനിയിലെ കരുവാട്ടു മനയില്‍ പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായാണ് കെ.എം വാസുദേവന്‍ എന്ന ആര്‍ടിസ്റ്റ് നമ്പൂതിരി ജനനം. കുട്ടികാലത്തു തന്നെ ക്ഷേത്രശില്‍പങ്ങളുടെ സ്വാധീനം കൊണ്ട് വരയിലും വാര്‍പ്പിലും തത്പരനായി വാസുദേവൻ നമ്പൂതിരി . കലാസപര്യ പിന്തുടരുന്നതിനായി  ചെന്നൈയിലേക്ക് പോയി ഗവണ്‍മെന്റ് ഫൈൻ ആ‍‌ര്‍ട്സ് കോളജില്‍ ചേര്‍ന്നു. ഫൈൻ ആ‍ര്‍ട്സ് കോളജില്‍നിന്ന് ലളിത കലയിലും അപ്ലൈഡ് ആ‍ര്‍ട്സിലുമായി രണ്ട് ഡിപ്ലോമകള്‍ നമ്പൂതിരി നേടി. കെ.സി.എസ് പണിക്കരുടെ ചോളമണ്ഡല്‍ കലാഗ്രാമത്തിലും  പഠനം പൂര്‍ത്തിയാക്കി.1960ല്‍ മാതൃഭൂമിയില്‍ ചേര്‍ന്നു. തുടര്‍ന്നുള്ള രണ്ടുപതിറ്റാണ്ടുകാലം തകഴി, കേശവദേവ്, എം.ടി, ഉറൂബ്, എസ്.കെ പൊറ്റെക്കാട്ട്, വി.കെ.എൻ തുടങ്ങിയ പ്രതിഭകളുടെ സൃഷ്ടികള്‍ക്ക് നമ്പൂതിരി രേഖാചിത്രങ്ങളൊരുക്കി. 1982ല്‍ കലാകൗമുദിയില്‍ ചേര്‍ന്ന നമ്പൂതിരി പിന്നീട് മലയാളം വാരികയിലും പ്രവ‍ര്‍ത്തിച്ചു. രണ്ടു തവണ കേരള ലളിതകലാ അക്കാദമിയുടെ ചെയ‍ര്‍മാനായും പ്രവർത്തിച്ചു . ജി. അരവിന്ദന്റെ ആദ്യചിത്രമായ ഉത്തരായനത്തില്‍ കലാസംവിധാനത്തിന് 1974ല്‍ മികച്ച കലാസംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. ലളിതകലാ അക്കാദമി യുടെ രാജാരവിവ‍‌ര്‍മ പുരസ്കാരവും നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *