തിരുവനന്തപുരം :ആശാ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 വയസായി നിശ്ചയിച്ച
ഉത്തരവ് മരവിപ്പിച്ചുകൊണ്ട് ആരോഗ്യ വകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത് അസോസിയേഷൻ രണ്ടു മാസത്തിലേറെയായി നടത്തി വന്ന സമരത്തിൻ്റെ വിജയമാണെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ പറഞ്ഞു.ഫെബ്രുവരി 10 ന് സെക്രട്ടേറിയറ്റിന് മുന്നിലാരംഭിച്ച അനിശ്ചിതകാല
രാപകൽ സമരത്തിൻ്റെ ആവശ്യങ്ങളിൽ ഒന്നായിരുന്നു വിരമിക്കൽ പ്രായം 62 വയസായി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവ് പിൻവലിക്കുക എന്നത്. ആ
ഉത്തരവാണ് ഇപ്പോൾ മരവിപ്പിച്ചിരിക്കുന്നത്.
69 ദിവസങ്ങളായി ഉറച്ച ആത്മവിശ്വാസത്തോടെ
ആശാ വർക്കർമാർ നടത്തി വന്ന സമരത്തിൻ്റെ വിജയം തന്നെയാണിത്.
എന്നാൽ,ഇതോടൊപ്പം പഴയ ഉത്തരവ് പൂർണമായി പിൻവലിച്ച് വിരമിക്കൽ പ്രായം 65 വയസായി നിശ്ചയിക്കുന്ന ഉത്തരവ് ഇറക്കണം. വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം എൽ മാരായ കെ കെ രമ, പി.സി വിഷ്ണുനാഥ് എന്നിവർ സമരവേദിയിലെത്തി.ആശമാർക്ക് 1000 രൂപ പ്രത്യേക അലവൻസ് നൽകാൻ തീരുമാനിച്ച വെച്ചൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങൾ സമരവേദി സന്ദർശിച്ചു. പ്രസിഡൻ് കെ.ആർ ഷൈലകുമാർ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജോജി ജോർജ്,ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ,മെമ്പറും ഇടയാഴം സി എച്ച് സി യിലെ ആശാ വർക്കറുമായ സ്വപ്ന മനോജ് എന്നിവർ സംസാരിച്ചു.
നിരാഹാര സമരം 31-ാം ദിവസം
കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന സമിതിയംഗവും വട്ടിയൂർക്കാവ് യു പി എച്ച് സിയി ലെ ആശാവർക്കറുമായ എസ് ശാലിനിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് തിരാഹാര സമരം അവസാനിപ്പിച്ചതിനെ തുടർന്ന്
പാങ്ങപ്പാറ സി എച്ച് സി യിലെ എം എസ് മീനു നിരാഹാര സമരം ഏറ്റെടുത്തു.
തിരുവനന്തപുരം പുതുക്കുറിച്ചി എഫ് എച്ച് സിയിലെ ആർ.അനിതകുമാരി ,ആലപ്പുഴ കൃഷ്ണപുരം എഫ് എച്ച് സിയിലെ എൽ ശശികല
എന്നിവരാണ് നിരാഹാരം തുടരുന്ന മറ്റ് രണ്ടു പേർ.