6/3/23
തിരുവനന്തപുരം :എഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ കേസും കോഴിക്കോട് റീജിയണല്‍ ഓഫീസിലെ പോലീസ് പരിശോധനയും കൊച്ചി ഓഫീസിലെ എസ്‌എഫ്‌ഐ അതിക്രമവും പ്രതിപക്ഷം ഉന്നയിക്കും.
പി.വി അന്‍വറിന്റെ പരാതിയില്‍ ഉണ്ടായ അസാധാരണ നടപടികളില്‍ മുഖ്യമന്ത്രി എന്ത് പറയും എന്നത് ആകാംക്ഷയാണ്. പരാതി കിട്ടിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സഭയെ അറിയിച്ചതിനു പിന്നാലെ ആയിരുന്നു ഓഫിസ് അതിക്രമവും കേസും പരിശോധനയും. ഏഷ്യാനെറ്റ് ന്യൂസ് ഓഫീസില്‍ പൊലീസ് പരിശോധന നടത്തിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.
ബിബിസി ഓഫീസില്‍ ഇന്‍കം ടാക്സിനെക്കൊണ്ട് റെയ്ഡ് നടത്തിയ നരേന്ദ്രമോദിയും ക്രൈം ബ്രാഞ്ചിനെക്കൊണ്ട് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയ പിണറായി വിജയനും തമ്മില്‍ വ്യത്യാസമെന്താണെന്ന് സതീശന്‍ ചോദിച്ചു. ദില്ലിയില്‍ മോദിയും കേരളത്തില്‍ മുണ്ടുടത്ത മോദിയും ആണ് എന്ന് പറയുന്നത് ഒരു തെറ്റുമില്ലാ എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ പരിശോധനയിലൂടെ കണ്ടത്.
ഇത് ഒറ്റപ്പെട്ട കാര്യമല്ല. സംസ്ഥാനത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സമരം ചെയ്യുന്ന എല്ലാവരോടും ഈ അസഹിഷ്ണുതയാണ്. ഫാസിസത്തിന്റെ ഒരു വശമാണ് ഇത്. ദില്ലിയില്‍ നടക്കുന്നതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു.