വാട്സ്ആപ്പ്, ഉപഭോക്താക്കൾക്ക് വ്യത്യസ്ഥ തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് . ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ ടാബുകൾക്കിടയിൽ സ്വൈപ്പ് ചെയ്യാൻ കഴിയുന്ന ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്. മുൻപ് ഈ ഫീച്ചർ കൊണ്ടുവന്നിരുന്നെങ്കിലും, പിന്നീട് അവ പിൻവലിക്കുകയായിരുന്നു. എന്നാൽ, ഇത്തവണ സ്വൈപ്പ് ഫീച്ചറിന്റെ പരിഷ്കരിച്ച പുതിയ പതിപ്പാണ് ഉപഭോക്താക്കൾക്കായി ലഭ്യമാക്കിയിട്ടുള്ളത്.
ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് മാത്രമാണ് ടാബുകൾക്കിടയിൽ സ്വൈപ്പ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ലഭ്യമാക്കുക. ചാറ്റ്, കോളുകൾ, കമ്മ്യൂണിറ്റികൾ, സ്റ്റാറ്റസ് തുടങ്ങി വ്യത്യസ്ഥ ടാബുകളിലേക്ക് എളുപ്പം പോകാൻ കഴിയുന്ന വിധത്തിലാണ് ടാബ് സ്വൈപ്പ് ഫീച്ചർ എത്തിയിരിക്കുന്നത്. ഇവ ഇടത്ത് നിന്ന് വലത്തോട്ടേക്ക് സ്വൈപ്പ് ചെയ്യാൻ സാധിക്കും. പരീക്ഷണാടിസ്ഥാനത്തിൽ വാട്സ്ആപ്പിന്റെ 2.23.19.10 അപ്ഡേറ്റ് വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാകുന്നതാണ് . നേരത്തെ മെറ്റീരിയൽ ഡിസൈൻ ത്രീ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് താൽക്കാലികമായി വാട്സ്ആപ്പ് ഈ ഫീച്ചർ പിൻവലിച്ചത്.