7/7/22
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 18ലേക്കാണ് വിചാരണ മാറ്റിയത്. പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി രാജേഷ് മേനോനെ നിയമിച്ച ശേഷമാണ് വിചാരണക്ക് വീണ്ടും തുടക്കമായത്.
അതേസമയം കേസിൽ നിരവധി സാക്ഷികൾ കൂറ് മാറിയ സാഹചര്യത്തിൽ പുതിയ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതുവരെ വിചാരണ നിർത്തിവെക്കണം എന്നുമുള്ള മധുവിന്റെ അമ്മയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കിയ കാര്യം ഇന്നാണ് രേഖാമൂലം കോടതിയെ അറിയിച്ചത്. ഇതോടെ സാങ്കേതിക നടപടികൾ പൂർത്തിയായി. ഈ സാഹചര്യത്തിലാണ് വരുന്ന 18ന് വിചാരണ വീണ്ടും തുടങ്ങാൻ തീരുമാനമായത്.കേസിൽ 122 സാക്ഷികളാണ് ആകെയുള്ളത്. ഇവർ വീണ്ടും വിചാരണക്ക് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള സമൻസുകൾ കോടതി അയച്ചു തുടങ്ങിയിട്ടുണ്ട്.