ആറ്റിങ്ങൽ :പ്രീണനരാഷ്ട്രീയം നരേന്ദ്രമോദിയുടെ വഴിയല്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
എല്ലാ മതവിഭാഗങ്ങള്‍ക്കും തുല്യ പ്രാധാന്യം, എല്ലാവരുടെയും അവകാശങ്ങള്‍ക്ക് സംരക്ഷണം അതാണ് കേന്ദ്രനയം. നാലുവോട്ടിനുവേണ്ടി ചിലരെ കൂടുതല്‍ തുല്യരാക്കുന്ന ശൈലി നരേന്ദ്രമോദിക്കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഖിലേന്ത്യ നാടാർ അസോസിയേഷന്‍റെ വാർഷികോത്സവവും വൈകുണ്ഠസ്വാമി ജയന്തി സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യനിര്‍മാര്‍ജനവും അടിസ്ഥാന സൗകര്യവികസനവും അഴിമതി വിരുദ്ധതയുമാണ് നരേന്ദ്രമോദി സർക്കാരിൻ്റെ നിലപാട്. ഭാരതീയ വിശ്വാസങ്ങളെയും പൈതൃകങ്ങളെയും അംഗീകരിക്കുന്ന, അവയെ വീണ്ടെടുക്കുന്ന കാലമാണിതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
നവോത്ഥാനമെന്നാല്‍ സനാതനധര്‍മത്തെ ഇല്ലാതാക്കലാണ് എന്ന് വ്യാഖ്യാനിക്കാന്‍ പരിശ്രമങ്ങള്‍ നടന്നു. അവകാശങ്ങള്‍ നേടാന്‍ മതപരിവര്‍ത്തനം നടത്തണമെന്ന പ്രചാരണമുണ്ടായി. ദേവീസ്തുതികളും ശിവസ്തുതികളുമെഴുതിയ, ശിവപ്രതിഷ്ഠ നടത്തിയ, ശങ്കരന്‍റെ ദര്‍ശനമാണ് എന്‍റേയും ദര്‍ശനമെന്ന് പറഞ്ഞ ശ്രീനാരായണഗുരുദേവന്‍ ഹിന്ദു സന്യാസിയല്ല എന്ന് മുഖ്യമന്ത്രി പോലും പ്രസംഗിക്കുന്നത് നാം കേള്‍ക്കാറുണ്ട് എന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.