=ദക്ഷിണ ഭാരതത്തിലെ മഹാക്ഷേത്രങ്ങളിൽ ഒന്നായ ആറ്റുകാൽ ഭഗവതിക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നാണ് വിശേഷിപ്പിക്കുന്നത്. ആറ്റുകാൽ മുല്ല വീട്ടിലെ കാരണവർ, ഭഗവതി ഒരു ബാലികയായി പ്രത്യക്ഷപ്പെട്ടു തന്നെ അടുത്തുള്ളഒരു കാവിൽ കുടിയിരുത്തണമെന്നു ആവശ്യപ്പെട്ടതായി സ്വപ്നംകണ്ട്. ഭക്ത ശിരിമണിയായ കാരണവർ അടുത്തുള്ള കാവിൽ ഒരു ക്ഷേത്രം പണിതു ദേവിയെ കുടിയിരുത്തിയതായാണ് ഐതീഹ്യം. ഈചെറിയ ക്ഷേത്രമാണ് വളർന്നു പന്തലിച്ചു ആറ്റുകാൽ ഭഗവതി ക്ഷേത്രമായി മാറിയത്. കൊടുങ്ങല്ലൂരിലും ആറ്റുകാലിലും വാണരുളുന്നത്. ചിലപ്പതികാര നായികയും ശ്രീപാർവതിയുടെ അവതാരവുമായ കണ്ണകിയാണെന്നാണ് സങ്കൽപ്പം. പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഗിന്നസ് വേൾഡ് റെക്കാർഡ് ബുക്കിൽ സ്ഥാനം നേടിയിട്ടുണ്ട്. പതിനായിരക്കണക്കിന് സ്ത്രീകൾ ഒരേസമയം ആറ്റുകാലിൽ പൊങ്കാലനിവേദ്യം നടത്തുന്നു. കുംഭമാസത്തിലെ പൂരം നാളിലാണ് ജാതിമതഭേദമെന്നിയേ ദേവിക്ക് പൊങ്കാല അർപ്പിക്കാനായി ഇവിടെ എത്താറുള്ളത്. ഈ ക്ഷേത്രത്തിൽ എല്ലാ ദിവസവും പൊങ്കാല നടത്താമെങ്കിലും ഞായറാഴ്ചയും ചൊവ്വ്വാഴ്ചയും വെള്ളിയാഴ്ചയുമാണ് മുഖ്യം. ആറ്റുകാൽ പൊങ്കാല ദിവസം സ്ത്രീജനങ്ങൾക്കു ഭഗവതിക്കു നേരിട്ടു നിവേദ്യമർപ്പിക്കാൻ അവസരം ലഭിക്കുന്നു. ഒരിക്കൽ വസൂരിയെന്ന പകർച്ചവ്യാധി ആ പ്രദേശത്തെ കീഴ്‌പ്പെടുത്തി. ഇതിൽ മനംനൊന്ത ഒരുഭക്ത ഒരു കലത്തിൽ ദേവിക്ക് പായസനിവേദ്യമുണ്ടാക്കി പ്രാർഥിച്ചു. ഈ പൊങ്കാല കഴിഞ്ഞതോടെ നാട്ടിലെ പകർച്ചവ്യാധി അപ്രത്യക്ഷമായത്രേ. ഇതായിരുന്നു ആദ്യത്തെ പൊങ്കാല എന്നുപറയപ്പെടുന്നു. പതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതാരമാണ് ആറ്റുകാലമ്മ. ഭർത്താവിനെ കൊന്ന പാണ്ട്യരാജാവിനെ വധിച്ചു, മഥുരയെ ചുട്ടെരിച്ചു കന്യാകുമാരിയിലൂടെ കേരളത്തിൽ പ്രവേശിച്ച കണ്ണകി കൊടുങ്ങല്ലൂർ ഉള്ള യാത്രാ മദ്ധ്യേ ആറ്റുകാലിൽ എത്തിയപ്പോൾ സ്ത്രീകൾ പൊങ്കാലയിട്ട സ്വീകരിച്ചു. അരി, ശർക്കര, നെയ്യ്, മുന്തിരി, പഴം കൽക്കണ്ടം, നാളികേരം തുടങ്ങിട്ടവയാണ് പൊങ്കാല പായസത്തിനു ഉപയോഗിക്കുന്നത്. വേഗത്തിൽ അഭീഷ്ടസിദ്ധിക്കായി വെള്ള ചോറ് എന്ന നിവേദ്യം അർപ്പിക്കുന്നു. അരി, തേങ്ങ, നെയ്യ് പഴം എന്നിവയാണ് ഇതിനി ഉപയോഗിക്കുന്നത്. മണ്ടപ്പുറ്റ്, തെരളി, പാല്പായസം, ഉണ്ണിയപ്പം ഇതെല്ലാം പൊങ്കാലയിൽ ഉൾപ്പെടുത്താവുന്നതാണ്. ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ നിന്നു കൊളുത്തിയ ദീപംകൊണ്ടു പൊങ്കാല അടുപ്പിൽ അഗ്നി പകരുമ്പോൾ സ്ത്രീകൾ മനസ്സിൽ ദേവിയെ പ്രാർത്ഥിച്ചുകൊണ്ട് പുത്തെൻ കലത്തിൽ ദേവിക്ക് പൊങ്കാല നിവേദ്യം അർപ്പിക്കുന്നു. പൊങ്കാല തിളച്ചു തൂകുന്നതാണ് ഉത്തമം. പൊങ്കാല തിളച്ചതിനുശേഷം മാത്രംഭക്ഷണം കഴിക്കും. പൊങ്കാലയിട്ട കലങ്ങൾ വീട്ടിൽ പാചകത്തിന് ഉപയോഗിക്കാവുന്നതാണ്. പക്ഷെ മത്സ്യ – മാംസാദികൾ വെയ്ക്കരുതെന്നു മാത്രം. ഈ കലത്തിൽ തുളസിച്ചെടി നാട്ടുവെക്കുന്നതു നല്ലതാണ്. ആറ്റുകാലമ്മയുടെ വിഗ്രഹം വരിക്കപ്ലാവിന്റെ തടി കൊണ്ടുള്ളതാണ്. ഇതിൽ സ്വർണ്ണം പൊതിഞ്ഞാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. വലിയ ദാരുവിഗ്രഹമാണ്. വേതാളത്തിന്റെ കഴുത്തിലിരിക്കുന്ന ശ്രീഭദ്രകാളിയാണ് ആറ്റുകാലമ്മ. രൗദ്രഭാവമാണ് സങ്കല്പമെങ്ങിലും ആറ്റുകാലമ്മ ശാന്തസ്വരൂപിണിയായാണ് ദർശനം നൽകുന്നത്. കാർത്തികനാളിൽ കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ചു ആറ്റുകാൽ ക്ഷേത്രത്തിൽ കൊണ്ടുവരുന്നത് മുതൽ പാണ്ട്യരാജാവിന്റെ വധം വരെയുള്ള ഭാഗമാണ് പൊങ്കാലയിൽ ഒൻപതു ദിവസങ്ങളിലായി പാടിത്തീർക്കുന്നതു. അനന്തപുരിയുടെ ഐശ്വര്യവും സർവാഭീഷ്ട വരദായിനിയുമായ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ നാടും നഗരവും ഒരുങ്ങികഴിയുമ്പോൾ തന്നെ കൊടുംചൂടിന്റെ അന്തരീക്ഷത്തിലാണ് പൊങ്കാല മഹോത്സവം. ആൺകുട്ടികൾ ഉണ്ടാകാൻ വേണ്ടി നടത്തുന്ന നേർച്ചയാണ് കുത്തിയോട്ടം. പതിമൂന്നു വയസ്സിൽ താഴെയുള്ള ബാലന്മാരെയാണ് കുത്തിയോട്ടത്തിനു തിരഞ്ഞെടുക്കുന്നത്. ഈ കുട്ടികൾ ക്ഷേത്രത്തിൽ താമസിച്ചു തന്നെ വ്രതനിഷ്ട്ട പാലിക്കണം. ഏഴുദിവസം വ്രതമെടുക്കണം. ദേവിയും മഹിഷാസുരനും തമ്മിലുള്ള യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെയാണ് കുത്തിയോട്ടം കൊണ്ടു സങ്കൽപ്പിക്കുന്നത്. പൊങ്കാല ദിവസം ദേവിയുടെ തിരുനടയിൽ വെച്ചു കുട്ടിയുടെ വയറിന്റെ വശങ്ങളിൽ ചൂരൽ ചെറിയ വെള്ളിക്കമ്പി കുത്തിയിറക്കി ദേവീപ്രസാദം ധരിച്ചു എഴുന്നെള്ളിച്ചു ഘോഷയാത്രയിൽ ദേവിക്ക് അകമ്പടി സേവിച്ചു മണക്കാട് ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തി തിരിച്ചു ദേവീചക്ഷേത്ര നടയിൽ വന്നു ചൂരൽ അഴിക്കുന്നതോടെ കുത്തിയോട്ടം അവസാനിക്കുന്നു. ബാലികമാർക്കു സൗന്ദര്യവും സമ്പത്തും വർധിക്കാൻ താലപ്പൊലി, ശത്രുദോഷത്തിനു കുംകുമഭിഷേകം, മംഗല്യത്തിനായി സാരി സമർപ്പണം എന്നിവ ചെയ്യാറുണ്ട്. കുംകുമാർച്ചന നെടുംമംഗല്യത്തിനും ഭതൃസുഖത്തിനും വേണ്ടി ചെയ്യുന്നത് വളരെ ഫലപ്രദമാണ്…… ആറ്റുകാലമ്മയുടെ അനുഗ്രഹത്തിനായി പ്രണാമമർപ്പിച്ചു കൂപ്പു കൈകളോടെ നിർത്തുന്നു………….
! എഴുതിയത് :- കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ, (കണ്ണമ്മൂല )T. V. M…. mob :9846748613.