അയോധ്യ :രാമക്ഷേത്ര പ്രതിഷ്ഠക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
സപ്താഹ ചടങ്ങുകളുടെ അഞ്ചാം ദിവസം ക്ഷേത്രത്തില്‍ വാസ്തുപൂജയും നടത്തി. ചടങ്ങുകളുടെ ഭാഗമായി ശ്രീരാമ ഭഗവാന് പഞ്ചസാര, പഴം, പൂക്കള്‍ തുടങ്ങിയ സമർപ്പിച്ചു. ക്ഷേത്രത്തിലെ നിർമ്മാണത്തില്‍ ഏതെങ്കിലും വിധത്തിലുള്ള കുറവുകള്‍ ഉണ്ടെങ്കില്‍ അവ ക്ഷമിക്കണമെന്നും, ക്ഷേത്രം ദീർഘനാള്‍ നിലനില്‍ക്കണമെന്നും പ്രാർത്ഥിച്ചാണ് ക്ഷേത്രത്തിന്റെ വാസ്തുപൂജ നടത്തിയതെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ ഉള്‍പ്പെടെ ഉള്ളവർ ചടങ്ങിന്റെ ഭാഗമായി. ചടങ്ങുകള്‍ക്ക് മുന്നോടിയായി ക്ഷേത്രനഗരിയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്‌പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണല്‍ സെക്യൂരിറ്റി ഗാർഡ്‌സ്, സിആർപിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, പാരാ കമാൻഡോകള്‍ തുടങ്ങിയ വിവിധ ഏജൻസികളാണ് അയോദ്ധ്യയില്‍ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്‌സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും.
അയോദ്ധ്യയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്തതായി സംസ്ഥാനത്തെ ഡിജിപി വിജയകുമാർ വ്യക്തമാക്കി. പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അയോദ്ധ്യയ്‌ക്ക് പുറമെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളും കർശന നിരീക്ഷണത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നിരീക്ഷണവും മേഖലയിലുടനീളമുണ്ടാകുമെന്നും വിജയകുമാർ അറിയിച്ചു.