അയോധ്യ :പ്രാണ പ്രതിഷ്ഠക്ക് പിന്നാലെ രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകി.പതിനായിരങ്ങളാണ് ഇന്ന് പുലർച്ചെ മൂന്ന് മുതല്‍ ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ 11.30 വരെയും ഉച്ചക്ക് രണ്ട് മുതല്‍ ഏഴ് വരെയുമാണ് സന്ദർശകർക്ക് ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാൻ കഴിയുക.
മൈസൂരു ആസ്ഥാനമായുള്ള ശില്‍പ്പിയായ അരുണ്‍ യോഗിരാജ് രൂപകല്‍പ്പന ചെയ്ത 51 ഇഞ്ച് ഉയരമുള്ള രാംലല്ല വിഗ്രഹം കാണാനായി കാലാവസ്ഥ പോലും പരിഗണിക്കാതെയാണ് ഭക്തർ ഒഴുകിയെത്തുന്നത്. ശൈത്യ കാലമായതിനാല്‍ തന്നെ കൊടും തണുപ്പ് പോലും അവർ വകവയ്‌ക്കുന്നില്ല. ‘ജയ് ശ്രീറാം’ എന്ന മന്ത്രം മുഴക്കിയാണ് ഭക്തർ ക്യൂവില്‍ നില്‍ക്കുന്നത്. ഒരേ സമയം 500പേരെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ക്ഷേത്രത്തില്‍ കയറുന്ന ഭക്തരെ എത്രയും വേഗം ദർശനം നടത്തി പുറത്തിറക്കി എല്ലാ ഭക്തർക്കും ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നും അവർ പറഞ്ഞു.
ഇന്നലെ ഉത്തർപ്രദേശ് പ്രവിശ്യാ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ബാൻഡ് അയോദ്ധ്യയിലെ തെരുവുകളില്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചിരുന്നു. ദീപാവലിക്ക് സമാനമായ രീതിയിലാണ് ഓരോ വീട്ടിലും വിളക്കുകള്‍ തെളിച്ചത്. ലക്ഷക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ തന്നെ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നാണ് ക്ഷേത്ര അധികൃതർ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദിവസവും 50000പേരെ അയോധ്യയിൽ എത്തിക്കാൻ ബിജെപി ശ്രമിക്കുന്നു. ഓരോ നിയോജക മണ്ഡലങ്ങളിൽ നിന്നും ദിവസം 1000പേർ എന്ന നിലയിൽ ഈ മാസം 25മുതൽ മാർച്ച് 25വരെയാണ് അയോധ്യ തീർത്ഥാടനം സംഘടിപ്പിക്കുന്നത്.