ലോകം മുഴുവൻ അയോധ്യയിലേക്ക്… അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ ;സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങൾ1 min read

അയോധ്യ :500വർഷത്തെ കാത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ രാമക്ഷേത്രത്തിൽ ഇന്ന് പ്രാണപ്രതിഷ്ഠ നടക്കും. ചടങ്ങുകൾ ഉച്ചക്ക് 12.20ന് പ്രധാനമന്ത്രി നിർവഹിക്കും.11.30നാണ്‌ താന്ത്രികവിധി പ്രകാരമുള്ള ചടങ്ങുകള്‍ തുടങ്ങുന്നത്. 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ ഉച്ചയ്‌ക്ക് ഒരു മണിക്ക് അവസാനിക്കും. കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ബാലരൂപത്തിലുള്ള ശ്രീരാമഭഗവാന്റെ രൂപമാണ് ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ. അഞ്ച് വയസ് പ്രായമുള്ള രൂപമാണ് 51 ഇഞ്ച് ഉയരമുള്ള വിഗ്രഹത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ക്ഷേത്രത്തിലേക്ക് ക്ഷണിക്കപ്പെട്ട എണ്ണായിരത്തോളം അതിഥികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും. ചടങ്ങിലേക്കുള്ള ക്ഷണിതാക്കള്‍ ഇന്നലെ മുതല്‍ അയോദ്ധ്യയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. 10.25ഓടെ അയോദ്ധ്യയിലെ വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി 10.55ഓടെയാണ് ക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്. ചടങ്ങുകളോടനുബന്ധിച്ച്‌ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോണുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് പരിശോധന. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ക്യാമറകളും പരിസരത്തെല്ലാം സ്ഥാപിച്ചിട്ടുണ്ട്.

സ്പെഷ്യല്‍ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, നാഷണല്‍ സെക്യൂരിറ്റി ഗാർഡ്സ്, സിആർപിഎഫ്, തീവ്രവാദ വിരുദ്ധ സേന, സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്, പാരാ കമാൻഡോകള്‍ തുടങ്ങിയ വിവിധ ഏജൻസികളാണ് അയോദ്ധ്യയില്‍ സുരക്ഷ ഒരുക്കുന്നത്. യുപി സെക്യൂരിറ്റി ഹെഡ്ക്വാർട്ടേഴ്സിലെ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ, ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവിടെ നിലയുറപ്പിക്കും. എസ്ഡിആർഎഫ് സംഘങ്ങളെ സരയൂ നദിയില്‍ ബോട്ട് പട്രോളിങ് നടത്താനായി വിന്യസിച്ചിട്ടുണ്ട്. ചടങ്ങുകള്‍ പൂർത്തിയായ ശേഷം നാളെ മുതല്‍ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *