ദേശീയവാദിയും ഭാരതസ്വാതന്ത്യ സമരസേനാനിയും കേരളത്തിലെ കോൺഗ്രസ്സിൻ്റെ ആദ്യാക്ഷരക്കാരിലൊരാളാണ് എ.കെ.പിള്ള (അയ്യപ്പൻ പിള്ള കൃഷ്ണപിള്ള) 1893- എപ്രിൽ 16ന് കൊല്ലം ജില്ലയിലെകരുനാഗപ്പള്ളി, തേവലക്കര കണ്ടോലിൽ വീട്ടിൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ.പാസ്സായി.ഇംഗ്ലണ്ടിൽ ബി.സി.എൽ എന്ന ഉന്നത നിയമബിരുദം നേടുന്നതിന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു.അപ്പോഴാണ് മഹാത്മജിയുടെ നിസ്സഹകരണ പ്രസ്ഥാനം കൊടുമ്പിരിക്കൊണ്ടത്. 1921-ൽ ഓക്സ്ഫോർഡിൽ പഠിച്ചു കൊണ്ടിരുന്ന അദ്ദേഹം പഠിത്തം പൂർത്തിയാക്കാതെ തിരിച്ചുപോന്നു.ഗാന്ധിജിയുടെ വിശ്വസ്ത അനുയായി ആയ അദ്ദേഹം കോൺഗ്രസ്സിൻ്റെ പരിപാടികളായ മദ്യവർജ്ജനം, വിദേശ വസ്ത്ര ബഹിഷ്കരണം, അയിത്തോച്ചാടനം ഹരിജനോദ്ധാരണം മുതലായവയിൽ ശ്രദ്ധ കേന്ദീകരിച്ചു.1921-ൽ കൊല്ലം തേവള്ളിയിൽ അദ്ദേഹവും കെ.ജി.ശങ്കറും ചേർന്ന് ഒരു കോൺഗ്രസ്സ് ഓഫീസ് സ്ഥാപിച്ചു.കോൺഗ്രസ്സിൻ്റെ ആദർശങ്ങളും ആശയങ്ങളും പ്രചരിപ്പിക്കാൻ “സ്വരാട് ” എന്ന ഒരു പത്രം ഏ.കെ പിള്ള പ്രസിദ്ധീകരിച്ചു.വിദ്വാൻ സി.എസ്.നായരും അദ്ദേഹത്തോടൊപ്പം പത്രമാപ്പീസിൽ പ്രവർത്തിച്ചിരുന്നു. 1922-ൽ വെയിൽസ് രാജകുമാരൻ്റെ ഇന്ത്യാ സന്ദർശനംബോയിക്കോട്ടു ചെയ്തവരുടെ മുൻപന്തിയിലായിരുന്നു എ.കെ.പിള്ള .തന്മൂലം കുറെനാൾ ജയിൽവാസം അനുഭവിക്കേണ്ടി വരുകയും ചെയ്തു.1923-ൽ അദ്ദേഹം കോകനദ കോൺഗ്രസ്സ് സമ്മേളനത്തിൽ പങ്കുകൊണ്ടു. യുവാവായ ആ രാജ്യസ്നേഹിയെ അന്നത്തെ അദ്ധ്യക്ഷനായ മൗലാനാ മുഹമ്മദാലി ആശ്ലേഷിക്കയും സദസ്യർക്ക് കാണാൻ വേണ്ടി തൻ്റെ തോളിലെടുത്തു പൊക്കിപ്പിടിക്കയും ചെയ്തു.1924-ലെ വൈക്കം സത്യാഗ്രഹത്തിൽ ടി.കെ മാധവൻ്റെയും കെ.പി.കേശവമേനോൻ്റെയും വലം കൈയായിരുന്നു എ.കെ.പിള്ള.അക്കാലത്ത് അദ്ദേഹം സഹിച്ച ത്യാഗക്കൾക്കും ശാരീരികവും മാനസികവുമായ ക്ലേശങ്ങൾക്കും അറുതിയില്ല. ജയിൽവാസം അനുഭവിക്കുകയും ചെയ്തു.1925-ൽ കരുനാഗപ്പള്ളി മണ്ഡലത്തിൽ നിന്ന് ബാരിസ്ററർ പത്മനാഭപിള്ളയെപരാജയപ്പെടുത്തി തിരുവിതാംകൂർ നിയമനിർമ്മാണസഭയിൽ അംഗമായി.1928-ൽ ഉപരിപഠനത്തിനായി വീണ്ടും ഇംഗ്ലണ്ടിൽ പോയി. ബാരിസ്ററർ പരീക്ഷ ജയിച്ചു കൊണ്ട് 1930-ൽ തിരിച്ചെത്തി.മദ്രാസ്, മധുര, തി രുവനന്തപുരം, റംഗൂൺ (ബർമ്മ ),കോഴിക്കോട് എന്നിവിടങ്ങളിൽ പ്രാക്ടീസ് ചെയ്തു.1932-ൽ പ്രസിദ്ധമായ മീററ്റ് ഗൂഢാലോചനക്കേസിലെ പ്രതികൾക്കുവേണ്ടി വാദിച്ചു.1935-ൽ കോൺഗ്രസ്സിൻ്റെ ചരിത്രമെഴുതാൻ നിയുക്തനായി. അതാണ് “കോൺഗ്രസ്സും കേരളവും ” എന്നഗ്രന്ഥം 1937-ൽ കോൺഗ്രസ്സുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ മൂലം എ.കെ.പിള്ള എം.എൻ.റോയിയുടെ സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു.1945-ൽ ലണ്ടനിൽ നടന്ന കോമൺവെൽത്ത് റിലേഷൻ കോൺഫറൻസിൽ പങ്കെടുത്തു. മാതൃഭൂമിക്കു വേണ്ടി നിസ്വാർത്ഥ സേവനമനുഷ്ഠിച്ച ആ കർമ്മധീരൻ 1949 ഒക്ടോബർ 5-ാം തീയതി അന്തരിച്ചു.തികഞ്ഞ ആത്മാർത്ഥയും ജ്ഞാനസമ്പാദനത്തിനുള്ള വാഞ്ചയും അനീതിയെ എതിർക്കുവാനുള്ള നെഞ്ചറുപ്പും ഉണ്ടായിരുന്ന ഒരു ദേശാഭിമാനിയാണ് ബാരിസ്ററർ ഏ.കെ പിള്ള .. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പുത്രി പ്രൊഫ.ഗോമതി അമ്മയാണ് സഹധർമ്മിണി.പ്രൊഫ .ദേവകി, അംബിക (മദ്രാസ് വിമൻസ് കോളേജ് ലൈബ്രേറിയൻ) ,രാമകൃഷ്ണൻ (ചിൽഡ്രൻസ് വേൾഡ് എഡിറ്റർ) എന്നിവരാണ് മക്കൾ..
2024-10-05