2/9/22
തിരുവനന്തപുരം :മകന്റെ നിയമനം മെറിറ്റ് അടിസ്ഥാനത്തിൽ മാത്രമാണെന്ന് കെ. സുരേന്ദ്രൻ.അസ്വാഭാവികമായ ഒരു ഇടപെടലും നടത്തിയിട്ടില്ല.ഏത് തരത്തിലുള്ള അന്വേഷണവും നടത്താമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ ടെക‍്‍നിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന്റെ നിയമനം ബന്ധുനിയമനമായിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു.
എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായും പാലിച്ച് കൊണ്ടായിരുന്നു മകന്റെ നിയമനം. ഒരുവിധത്തിലും ഞാനോ എനിക്ക് വേണ്ടി മറ്റുള്ളവരെ നിയമനത്തില്‍ ഇടപെട്ടില്ല. ആരെക്കൊണ്ട് വേണമെങ്കിലും ഇക്കാര്യം അന്വേഷിപ്പിക്കാം. എന്നെ പോലെ ഇത്രയും ആക്രമണം നേരിടുന്ന ഒരു പൊതുപ്രവര്‍ത്തകന്‍ ഇത്തരം നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.മറ്റ് പ്രധാനപ്പെട്ട രണ്ട് സ്ഥാപനങ്ങളുടെ റാങ്ക് ലിസ്റ്റില്‍ കൂടി മകന്‍ ഇടം നേടിയിട്ടുണ്ട്.. മകനെതിരായ മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. തന്നെ കരിവാരി തേക്കാന്‍ കെട്ടിച്ചമച്ച കേസാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
മുന്‍പ് തന്‍റെ മകന്‍ കുഴല്‍പണം കടത്തിയെന്ന വാര്‍ത്ത കൊടുത്തവരാണ് മാധ്യമങ്ങള്‍ . ഇപ്പോള്‍ അവന്റെ ജോലിയെ കുറിച്ചും തെറ്റായ വാര്‍ത്തകള്‍ നല്‍കുകയാണ്. മറ്റ് പൗരന്‍മാരെ പോലെ തന്നെ എന്റെ മകനും ജോലി ചെയ്യാനുള്ള അവകാശം ഫണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന ദിവസം തന്നെ എന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതിന് പിന്നില്‍ ആരാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മസിലാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെറ്റായ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനായിരുന്നു ആര്‍ബിസിയില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എം ടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയ്ക്ക് പിന്നാലെയായിരുന്നു ഹരികൃഷ്ണന് നിയമനം ലഭിച്ചത്. എന്നാല്‍ മാനദണ്ഡം മറികടന്നാണ് നിയമനം നടന്നത് എന്നായിരുന്നു ആരോപണം ഉയര്‍ന്നത്.