ചെന്നൈ :തമിഴ്നാട്ടിൽ അപ്രതീക്ഷിത നീക്കത്തിനായി ബിജെപി.അമ്മ മക്കള്‍ മുന്നേറ്റ കഴഗം (എഎംഎംകെ) നേതാവ് ടിടിവി ദിനകരന്, എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ഒ പനീര്‍ശെല്‍വം എന്നിവരുമായി ബിജെപി സഖ്യത്തിന് തയ്യാറെടുക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ദിനകരന് പറഞ്ഞു. മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ സ്ഥാപകനുമായ എംജിആറിന്റെ 107-ാം ജന്മദിനത്തോട് അനുബന്ധിച്ച് നടത്തിയ അനുസ്മരണചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ താന്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടുണ്ടെന്നും അത് സര്‍ക്കാരിന്റെ കര്‍ഷകരെയും തമിഴ്നാട്ടിലെ ജനങ്ങളെയും ബാധിക്കുന്ന പദ്ധതികളുടെ പേരിലാണെന്നും എന്നാല്‍ ഇപ്പോള്‍ ബിജെപി അതിലെല്ലാം മാറ്റം വരുത്തിയതായും അദ്ദേഹം പറഞ്ഞു. ഒ. പനീര്ശെല്വവുമൊത്ത് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ദിനകരന് പറഞ്ഞു.
ബന്ധു വി.കെ. ശശികലയ്ക്കൊപ്പം 2017-ലാണ് എഐഎഡിഎംകെയില്‍ നിന്ന് ദിനകരനെ പുറത്താക്കിയത്. മുന്‍ എംപിയും എഐഎഡിഎംകെയിലെ ശക്തനായ നേതാവുമായിരുന്നു അദ്ദേഹം. മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ അടുത്ത സഹായിയായിരുന്നു വി.കെ ശശികല. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരിലാണ് വികെ ശശികലയെയും ദിനകരനെയും ഇപ്പോഴത്തെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തില്‍ പുറത്താക്കിയത്.
2017 ഡിസംബറില്‍ ചെന്നൈയിലെ രാധാകൃഷ്ണന് നഗര്‍ നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയം നേടി ദിനകരന് തന്റെ ശക്തി പ്രകടിപ്പിച്ചിരുന്നു. ജയലളിതയുടെ മരണത്തെതുടര്‍ന്ന് ഒഴിഞ്ഞുകിടന്ന സീറ്റ് ആണിത്. ഒരു വര്‍ഷത്തിന് ശേഷം എഐഎഡിഎംകെയില്‍നിന്ന് വേര്‍പിരിച്ച് എഎംഎംകെ എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചു.
2019-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) യുമായി ചേര്‍ന്ന് മത്സരിച്ചുവെങ്കിലും ഒരു സീറ്റില്‍ പോലും വിജയം നേടാന്‍ കഴിഞ്ഞില്ല. 2021-ല്‍ നടന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ എസ്ഡിപിഐയ്ക്കൊപ്പം ഡിഎംഡികെയും അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായും കൈകോര്‍ത്ത് മത്സരിച്ചുവെങ്കിലും വിജയം കാണാന്‍ കഴിഞ്ഞില്ല.
ലോക്സഭാ തെരഞ്ഞെടുപ്പിലും 2026-ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയുമായി സഖ്യമില്ലെന്ന് എഐഎഡിഎംകെ വ്യക്തമാക്കിയതോടെ ബിജെപിയും ദിനകരനും ഒപിഎസും സഖ്യത്തിനായുള്ള ആലോചനയിലാണ്. നിലവില്‍ ഒപിഎസിന് ദുര്‍ബലമായ സ്ഥാനമാണുള്ളതെങ്കിലും അത്തരമൊരു സഖ്യത്തില്‍ ബിജെപിക്ക് പ്രധാന പങ്ക് വഹിക്കാനാകും. തെക്കൻ തമിഴ്നാട്ടിലെ പ്രബല പിന്നോക്ക സമുദായമായ മുക്കുളത്തോറില് നിന്നുള്ള ദിനകരനും ഒപിഎസും ചേർന്നുള്ള സഖ്യം എഐഎഡിഎംകെയുടെ വോട്ട് ബാങ്കിനെ കാര്യമായി സ്വാധീനിച്ചേക്കാം.
തമിഴ്നാട് ബിജെപി നേതാവ് കെ. അണ്ണാമലൈ സഖ്യസാധ്യതകള്‍ തള്ളികളഞ്ഞിട്ടില്ല. താന്‍ ബിജെപി നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഒപിഎസും അവകാശപ്പെടുന്നു. സഖ്യം സംബന്ധിച്ച് കേന്ദ്രനേതൃത്വം അന്തിമ തീരുമാനമെടുക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. എന്നാല്‍, ദിനകരനും ഒപിഎസും സഖ്യത്തിന്റെ ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയാനാവില്ല.